ലഖ്‌നൗ: ഉന്നാവിൽ വീണ്ടും കൂട്ട ബലാത്സംഗം. പരാതി നൽകിയ 23കാരിയായ പെൺകുട്ടിയെ അഞ്ചംഗ സംഘം ചേർന്ന് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഉന്നാവോ ജില്ലയിലെ ബിഹാർ പോലീസ് സ്റ്റേഷൻ പ്രദേശത്താണു സംഭവം. പ്രധാന പ്രതിയും കൂട്ടാളികളും ചേർന്നാണ് തീ കൊളുത്തിയത്. മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

പെൺകുട്ടി നിലവിൽ ലഖ്‌നൗ ആശുപത്രിയിലാണ്. അഞ്ച് പ്രതികളുടെ പേരുകളാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിൽ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിൽ, രണ്ടു പേർ 2018 ൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. എന്നാൽ രണ്ടുപേരെയും വിട്ടയച്ചതായും ജാമ്യത്തിലിറങ്ങിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

“ഇന്ന് രാവിലെ ചിലർ യുവതിയെ തീകൊളുത്താൻ ശ്രമിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു,” ഉന്നാവോ എസ്പി വിക്രാന്ത് വീർ പറഞ്ഞു.

മെച്ചപ്പെട്ട ചികിത്സയ്ക്കായി യുവതിയെ ഇപ്പോൾ ലഖ്‌നൗ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് പ്രതികളിൽ ബാക്കിയുള്ളവരെ പിടികൂടാൻ നാല് ടീമുകൾ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. എ.ഡി.ജി ലഖ്‌നൗ (സോൺ) സത്യ നരേൻ സബാത്ത് ലഖ്‌നൗ ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിച്ചു.

വിവാഹ വാഗ്ദാനം നൽകി ഒന്നാം പ്രതി തന്നെ റായ് ബറേലിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ താൻ സമ്മർദ്ദം ചെലുത്തിയപ്പോൾ ഇയാൾ തന്നെ വയലിലേക്ക് കൊണ്ടുപോയതായും ഇയാളും സുഹൃത്തും തന്നെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തതായും പെൺകുട്ടി ആരോപിച്ചു.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുൻപാണ് ഉന്നാവിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത പുറത്തുവരുന്നത്.

ഉന്നാവിലെ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ഉൾപ്പെട്ട ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടി വാഹനാപകടത്തിൽ​ പരുക്കേറ്റ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.

കേസിൽ ബിജെപി എംഎൽഎ ജയിലിലാണ്. ഇയാൾക്കെതിരെ പോക്‌സോ അടക്കം ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പെൺകുട്ടിക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്‌സോ ചുമത്തുകയായിരുന്നു. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook