ന്യൂഡല്‍ഹി: ഉന്നാവിൽ കൂട്ടബലാത്സംഗംത്തിന് ശേഷം പ്രതികൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച പെൺകുട്ടി (23 വയസ്) മരിച്ചു. ഇന്നലെ രാത്രി 11.40 ന് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ പെൺകുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. വ്യാഴാഴ്‌ചയാണ് പെൺകുട്ടിയെ വിദ‌ഗ്‌ധ ചികിത്സയ്‌ക്കായി ഡൽഹിയിലെ ആശുപത്രിയിലെത്തിച്ചത്. ലഖ്‌നൗവിലെ ആശുപത്രിയിൽ​ നിന്നുമാണ് പെൺകുട്ടിയെ ഡൽഹിയിലെത്തിച്ചത്. എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു.

ബലാത്സംഗ പരാതി നൽകിയ 23കാരിയായ പെൺകുട്ടിയെ അഞ്ചംഗ സംഘമാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്നു ഉന്നാവോ ജില്ലയിലെ ബിഹാർ പോലീസ് സ്റ്റേഷൻ പ്രദേശത്താണു സംഭവം. പെൺകുട്ടി കോടതിയിലേക്ക് പോകുന്ന വഴിയാണ് പ്രധാന പ്രതിയും കൂട്ടാളികളും ചേർന്ന് തീ കൊളുത്തിയത്. അഞ്ച് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

Read Also: നീതി നടപ്പായെന്ന് ടൊവിനോ; മാത്തനെയും അജയനെയും മറക്കരുതെന്ന് സോഷ്യൽ മീഡിയ

ഈ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐ‌ആറിൽ, രണ്ടു പേർ 2018 ൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. എന്നാൽ രണ്ടുപേരെയും വിട്ടയച്ചതായും ജാമ്യത്തിലിറങ്ങിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകി ഒന്നാം പ്രതി തന്നെ റായ് ബറേലിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ താൻ സമ്മർദ്ദം ചെലുത്തിയപ്പോൾ ഇയാൾ തന്നെ വയലിലേക്ക് കൊണ്ടുപോയതായും ഇയാളും സുഹൃത്തും തന്നെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തതായും പെൺകുട്ടി ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook