ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പീഡനം കുറ്റം ചുമത്തി ഡല്‍ഹി കോടതി. പീഡനം, തട്ടിക്കൊണ്ടു പോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമം ഉള്‍പ്പടെയാണ് സെന്‍ഗാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇരയായ പെണ്‍കുട്ടിയ്ക്ക് സംഭവം നടക്കുമ്പോള്‍ 18 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും വാദം തള്ളിയ കോടതി പോക്സോ ചുമത്തുകയായിരുന്നു. ഇതേ കേസുകള്‍ തന്നെയാണ് സെന്‍ഗാറിന്റെ സഹായിയായ സാഷി സിങ്ങിനെതിരേയും ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേസ് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിടുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുല്‍ദീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ പീഡനത്തിനും തട്ടിക്കൊണ്ടു പോകലിനുമായിരുന്നു കുല്‍ദീപിനെതിരെ കേസ് ചുമത്തിയത്.
അതേസമയം, കേസിലെ ഇരയായ പെണ്‍കുട്ടി ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയും അഭിഭാഷകനുമുള്‍പ്പടെ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. വാഹനപകടത്തിന് പിന്നിലും കുല്ദീപാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.