ലക്നൗ: ഉന്നാവ് പീഡനക്കേസിലെ ഇരയായ യുവതി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. റായിബറേലിയില്‍ വച്ച് ട്രക്ക് കാറില്‍ വന്നിടിക്കുകയായിരുന്നു. അപകട സമയം യുവതിയുടെ അമ്മയും അഭിഭാഷകനായ മഹേന്ദ്ര സിങ്ങും ബന്ധുവും ഒപ്പമുണ്ടായിരുന്നു. അമ്മയും ബന്ധുവും തല്‍ക്ഷണം തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിനെതിരെയായിരുന്നു യുവതി പീഡന ആരോപണം ഉന്നയിച്ചത്. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായിരുന്നു.
കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. എംഎല്‍എയുടെ ആളുകളുടെ മര്‍ദ്ദനത്തിനും പിതാ് ഇരയായിരുന്നു.
കുല്‍ദീപ് സെന്‍ഗറും സഹോദരന് അതുല്‍ സിങ്ങും കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലാണ്.