ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വാദം കെട്ട ഡല്‍ഹി കോടതിയുടെ നിര്‍ദേശപ്രകാരം പുറത്താക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗറിനെ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഇന്നാണ് കുല്‍ദീപിനെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.

കേസിലെ മറ്റൊരു പ്രതിയായ ശശി സിംഗിനെയും ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലാ ജയിലില്‍ നിന്ന് തിഹാറിലേക്ക് മാറ്റി. തൊഴില്‍ നല്‍കാമെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയെ സെനഗറിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുല്‍ദീപ് സെൻഗറും ശശി സിങ്ങും നേരത്തെ സെഷന്‍ ജഡ്ജി ധര്‍മേഷ് ശര്‍മയുടെ മുമ്പാകെ ഹാജരായിരുന്നു.

Read More: ഉന്നാവ് അപകടം: പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ബലാത്സംഗ ചെയ്യപ്പെട്ട പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിക്കും അഭിഭാഷകനും പരുക്കേറ്റതിനെ തുടര്‍ന്ന് സെനഗറിനും മറ്റ് ഒമ്പതു പേര്‍ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. റായ് ബറേലിയില്‍ വച്ച് നടന്ന അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കഴിഞ്ഞയാഴ്ച സുപ്രീംകോടതി കേസുലകള്‍ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു.

അതേസമയം വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് എയിംസിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് പെണ്‍കുട്ടി പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗറാണ് ബലാത്സംഗ കേസിലെ മുഖ്യ പ്രതി. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook