ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ കുറ്റാരോപിതനായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളതായി യുപി ബിജെപി അധ്യക്ഷന്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്ന് സെനഗറിനെ നേരത്തെ തന്നെ പുറത്താക്കിയിട്ടുണ്ട്. ഇപ്പോഴും എംഎല്‍എ സസ്പെന്‍ഷനിലാണെന്നും യുപി ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി എംഎല്‍എക്ക് പാര്‍ട്ടിയില്‍ നിന്ന് സംരക്ഷണം ലഭിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഉന്നാവ് പീഡനക്കേസിലെ നിര്‍ണായക വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ജയിലിലടക്കുമെന്ന് കുറ്റാരോപിതനായ എംഎല്‍എ കുൽദീപ് അടക്കം ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ട്. പരാതിക്കാരിയായ പെണ്‍കുട്ടി ജൂലൈ 12 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇക്കാര്യം പരാമര്‍ശിച്ച് കത്ത് അയച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ പ്രതികൂട്ടിലാക്കിയ കേസാണ് ഇത്. ബിജെപി എംഎല്‍എയും മറ്റ് ചിലരും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസ് പിന്‍വലിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നുണ്ട്.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് പരാതിക്കാരിയായ പെണ്‍കുട്ടി കത്ത് നല്‍കിയത്. ഈ കത്തിലെ വിവരങ്ങളാണ് കുടുംബം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും വീട്ടിലേക്ക് വന്നിരുന്നു. കേസ് പിന്‍വലിക്കണം, അല്ലാത്ത പക്ഷം കള്ളക്കേസില്‍ കുടുക്കി കുടുംബത്തിലെ എല്ലാവരെയും ജയിലില്‍ അടയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാമാണ് കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
Read Also: ബിജെപി പണി തുടങ്ങി; ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കി യെഡിയൂരപ്പ
പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണായ വിവരം പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടിക്ക് അപകടം സംഭവിച്ചത് സിബിഐ അന്വേഷിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.