ന്യൂഡൽഹി: ഉന്നാഓ പീഡനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ബിജെപി എംഎൽഎ കുല്‍ദീപ് സിംഗ് സെന്‍ഗറിനെ ലക്നൗ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. പ്രതിയെ കോടതി ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിരപരാധിത്വം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയോടെയാണ് സിബിഐ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെ രാവിലെ തന്നെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുൽദീപിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഇന്നലെ കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉന്നാഓ മാനഭംഗക്കേസിലെ പ്രതിയായ എംഎൽഎയുടെ നിർദേശം അനുസരിച്ചാണു നിയമപാലനവും നിയമപാലകർ പ്രവർത്തിക്കുന്നതുമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ വിമർശിച്ചിരുന്നു. ഉന്നാഓ കേസ് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകി. മെയ് 2 ന് മുൻപ് റിപ്പോർട്ട് നൽകാനാണ് അലഹബാദ് ഹൈക്കോടതിയുടെ നിർദേശം.

ഉന്നാഓ എംഎല്‍എ ആയ കുല്‍ദീപ് സിങ് തന്നെ പീഡിപ്പിച്ചെന്നാണ് 17 കാരിയായ പെൺകുട്ടിയുടെ ആരോപണം. കഴിഞ്ഞ വർഷം ജൂണിലാണ് പീഡനം സംബന്ധിച്ച് ആദ്യം പരാതി നൽകിയത്. ഇതിൽ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ക്രൂരമായി മർദിച്ചു. കസ്റ്റഡിയിൽ ചികിൽസയിലിരിക്കെ പിതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 8) പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook