ന്യൂഡൽഹി: പ്രായപൂർത്തി എത്താത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിലേറ്റാൻ സാധിക്കും വിധം പോസ്കോ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി. “കത്തുവ ബലാത്സംഗ കൊലപാതക കേസിൽ ഞാൻ വളരെയധികം വിഷമത്തിലാണ്. ഞാനും മന്ത്രാലയവും പോസ്കോ നിയമത്തിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നുണ്ട്. 12 വയസിൽ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനാവും വിധം ഭേദഗതി വരുത്തും,” മേനക ഗാന്ധി പറഞ്ഞു.

കത്തുവ, ഉന്നാവ ബലാത്സംഗ കേസുകളിൽ ഭൂരിഭാഗം ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. വളരെ ചുരുക്കം പേരാണ് കത്തുവ ബലാത്സംഗ കൊലപാതക കേസിൽ ഇപ്പോൾ പ്രതികരിച്ചിട്ടുളളത്. സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിട്ടും, ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും ഈ വാർത്തയെ അവഗണിക്കുന്നതിനിടെയാണ് മേനക ഗാന്ധി നിയമഭേദഗതി എന്ന ഉപായവുമായി രംഗത്ത് വരുന്നത്.

കത്തുവയിൽ ജനുവരി പത്തിന് കാണാതായ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും ഉന്നാവയിൽ പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ സ്ഥലം എംഎൽഎ ബലാത്സംഗം ചെയ്‌ത സംഭവവും രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

ഈയടുത്ത് 12 വയസിൽ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനാവും വിധം നിയമഭേദഗതിക്ക് രാജസ്ഥാൻ, ഹരിയാന, മദ്ധ്യപ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭകൾ അംഗീകാരം നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook