ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദലിത് പെൺകുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാത വ്യക്തികൾക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കൽ) എന്നിവ പ്രകാരം വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദുരഭിമാനക്കൊല, ആത്മഹത്യ എന്നിവയടക്കം എല്ലാ കോണുകളിലും അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളെ കണ്ടെത്തിയിട്ടും കുടുംബം പൊലീസിനെ വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More: യുപിയിലെ ഉന്നാവിൽ രണ്ട് ദലിത് പെൺകുട്ടികൾ മരിച്ച നിലയിൽ; ഒരാളുടെ നില അതീവ ഗുരുതരം
ബുധനാഴ്ച കന്നുകാലികൾക്ക് പുല്ലു തേടി പോയ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരെ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമത്തെ പെൺകുട്ടിയെ ബോധരഹിതയായ നിലയിലും കണ്ടെത്തി. എല്ലാവരുടെയും കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. മൂന്നുപേരുടെയും വായിൽനിന്ന് നുരയും പതയും വന്നിരുന്നു.
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.
കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്.
മൂന്നുപേരും എല്ലാ ദിവസത്തേയും പോലെ പുല്ല് ശേഖരിക്കാൻ പോയതായി 16 കാരിയുടെ അമ്മ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “അവർ തിരിച്ചെത്തിയില്ല, വൈകുന്നേരം 6 മണിയോടെ ഞങ്ങൾ അവരെ തിരയാൻ തുടങ്ങി. രാത്രി 7 മണിയോടെ അവരെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പെൺകുട്ടികളുടെ കൈകൾ കഴുത്തിൽ കയറുപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. ഞങ്ങൾ അവരെ ഒരു സ്വകാര്യ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി, അവർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (സിഎച്ച്സി) റഫർ ചെയ്തു,” 55 കാരിയായ അമ്മ പറഞ്ഞു.
തങ്ങളോട് ആർക്കും ശത്രുതയില്ലെന്നും ആരെയും സംശയിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു. “ഞങ്ങൾക്ക് ശത്രുക്കളില്ല,” അമ്മ പറഞ്ഞു.
നാല് കുടുംബാംഗങ്ങളെ പൊലീസ് കൊണ്ടു പോയതായി 16 കാരിയുടെ അമ്മ ആരോപിച്ചപ്പോൾ പോസ്റ്റ്മോർട്ടത്തിന് ഹാജരാകാൻ ഒരു ബന്ധുവിനെ വേണമെന്ന് ആവശ്യപ്പെട്ടതായി ഐജി ലക്ഷ്മി സിങ് പറഞ്ഞു. “ഞങ്ങൾ കുടുംബത്തിലുള്ള ആരെയും പിടിച്ച് വച്ചിട്ടില്ല,” അവർ പറഞ്ഞു.
ഭീം ആർമി, മുൻ മന്ത്രി സുധീർ റാവത്ത്, എംഎൽസി സുനിൽ സിങ് സജാൻ, ബിഎസ്പി എംഎൽഎ അനിൽ കുമാർ സിങ്, ബിജെപി എംഎൽഎ ബ്രിജേഷ് റാവത്ത് എന്നിവരുൾപ്പെടെ നിരവധി പാർട്ടികളുടെ നേതാക്കൾ വ്യാഴാഴ്ച ഗ്രാമം സന്ദർശിച്ചു.