/indian-express-malayalam/media/media_files/uploads/2019/12/Yogi-Adityanath.jpg)
ലക്‌നൗ: ഉന്നാവ് കേസ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും കുറ്റവാളികൾക്ക് തക്കശിക്ഷ നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു.
വിവാഹ വാഗ്‌ദാനം നൽകിയ യുവാവ് കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ ഇരുപത്തി മൂന്നുകാരിയെ അഞ്ചുപേർ ചേർന്നാണു തീകൊളുത്തിയത്. ഇതിൽ രണ്ടുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നാവ് ഗ്രാമത്തിൽനിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകവെ വ്യാഴാഴ്ചയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ അന്നു വൈകീട്ട് എയർ ആംബുലൻസിൽ ലക്‌നൗവിലെ ആശുപത്രിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റി. എന്നാൽ ഹൃദയ സ്തംഭനത്തെത്തുടർന്ന് ഇന്നലെ രാത്രി 11.40 ഓടെ പെൺകുട്ടി മരിച്ചു.
Read Also: ഹൈദരാബാദ് പീഡനക്കേസ്: പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു
ഹൈദരാബാദിൽ ബലാത്സംഗ കേസിലെ കുറ്റവാളികൾക്ക് നൽകിയ ശിക്ഷ തന്റെ മകളെ കൊന്നവർക്കും നൽകണമെന്ന് പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ''കുറ്റവാളികളെ പിന്തുടർന്ന് അവരെ വെടിവച്ചുകൊല്ലുന്നത് എനിക്ക് കാണണം. എനിക്ക് പണമോ മറ്റൊരു തരത്തിലുളള സഹായമോ വേണ്ട. ഹൈദരാബാദ് ഏറ്റുമുട്ടൽ പോലെ പ്രതികളെ പിന്തുടർന്ന് വെടിവച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യുന്നത് എനിക്ക് കാണണം'' പിതാവ് പറഞ്ഞു.
അവളരെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതികളെല്ലാം അവൾ പോയ സ്ഥലത്തേക്ക് പോകുമ്പോൾ അവൾക്ക് നീതി ലഭിക്കുമെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. ''അവളെ രക്ഷിക്കാൻ എന്നോട് അവൾ ആവശ്യപ്പെട്ടു. രക്ഷിക്കാൻ കഴിയാത്തതിൽ എനിക്ക് സങ്കടമുണ്ട്,” സഹോദരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഉന്നാവ് ജില്ലയിൽനിന്ന് ഇത്തരത്തിൽ ദേശീയ ശ്രദ്ധ നേടുന്ന രണ്ടാമത്തെ സംഭവമാണിത്. പതിനേഴുകാരിയെ ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗർ ബലാസത്സംഗം ചെയ്തതായിരുന്നു ആദ്യ സംഭവം. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ചുവെന്നതാണ് കേസ്. പിന്നീട് വാഹനം ഇടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം നടന്നു. പെൺകുട്ടി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സെൻഗർ ഇപ്പോൾ ജയിലിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.