ന്യൂഡൽഹി: ‌ഉന്നാവ് കേസ് പരിഗണിക്കവേ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു. നിയമപരമായ എന്ത് നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ചോദിച്ച് സുപ്രീം കോടതി പൊട്ടിത്തെറിക്കുകയായിരുന്നു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു (പ്രതികള്‍ വ്യത്യസ്തം ആണ് ). ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നു. ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിറുത്താന്‍ വെന്റിലേറ്ററില്‍ ആണ്.’ സംഭവത്തെക്കുറിച്ച് വികാരാധീനനായാണ് അമിക്കസ് ക്യൂറി വി. ഗിരി സംസാരിച്ചത്.

തുടര്‍ന്നാണ് ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഇരയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ മറ്റ് ആശുപത്രിയിലേക്ക് മാറ്റണം. ഡോക്ടര്‍മാരുടെ സംഘം ഇരയെ ഉടന്‍ പരിശോധിക്കണം. എയര്‍ ലിഫ്റ്റ് ചെയ്ത് ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഉന്നാവ് ബലാൽസംഗ കേസുമായി ബന്ധപ്പെട്ട് തീർപ്പാക്കാതെ കിടക്കുന്ന എല്ലാ കേസുകളും ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ തീരുമാനം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെൺകുട്ടി അയച്ച കത്ത് പരിണിക്കവേയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം അറിയിച്ചത്. കേസിന്റെ ഇതുവരെയുളള അന്വേഷണ പുരോഗതി സിബിഐയിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഇന്നു തന്നെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അയച്ച കത്താണ് കോടതി പരിഗണിച്ചത്. രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലൈ 12-നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് കത്തിനെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കത്ത് തന്‍റെ മുന്നിലേക്ക് എത്താൻ വൈകിയതിനെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിട്ടുണ്ട്.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് പരാതിക്കാരിയായ പെണ്‍കുട്ടി കത്ത് നല്‍കിയത്. ഈ കത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു.

Read More: ഉന്നാവ് അപകടം: ബിജെപി എംഎൽഎയ്ക്ക് എതിരെ സിബിഐ കേസ് എടുത്തു

എംഎല്‍എക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലരും വീട്ടിലേക്ക് വന്നിരുന്നു. കേസ് പിന്‍വലിക്കണം, അല്ലാത്ത പക്ഷം കള്ളക്കേസില്‍ കുടുക്കി കുടുംബത്തിലെ എല്ലാവരെയും ജയിലില്‍ അടയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാമാണ് കത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നതും കത്ത് സുപ്രീംകോടതി പരിഗണിച്ചതും. പെൺകുട്ടിക്ക് അപകടം സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ ബിജെപി എംഎൽഎയ്ക്കും മറ്റ് പത്ത് പേർക്കും എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെംഗാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്. ലൈംഗികാക്രമണക്കേസില്‍ പ്രതിയാണ് കുല്‍ദീപ്. ഞായറാഴ്ചയാണ് റായ്ബറേലിയില്‍ വച്ച് പരാതിക്കാരിയായ പെൺകുട്ടിക്ക് അപകടമുണ്ടായത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കുല്‍ദീപിനെതിരെ ലൈംഗികാക്രമണക്കേസില്‍ സാക്ഷിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

റായിബറേലിയില്‍ വച്ച് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.

ബിജെപി എംഎല്‍എയാണ് കുല്‍ദീപ് സെന്‍ഗർ. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook