ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ളത്. പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായാണ് എയിംസിലേക്ക് മാറ്റാൻ നിർദേശിച്ചിരിക്കുന്നത്.
അതേസമയം പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി കിങ് ജോർജ് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ നിർദേശങ്ങളോട് പെൺകുട്ടി പ്രതികരിച്ചു തുടങ്ങിയതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിരുന്നു. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. നഷ്ടപരിഹാര തുക നൽകിയതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
കേസിന്റെ വിചാരണ നടത്താന്‍ ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വേണമെന്നും സുപ്രീം കോടതി വിധിച്ചു. കൂടാതെ കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.