ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് വാഹനാപകടം സംഭവിച്ച കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡുകൾ നടക്കുന്നതിനാൽ പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 17 സ്ഥലങ്ങളിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ബലാത്സംഗക്കേസിൽ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ഇപ്പോള്‍. റായിബറേലിയില്‍ വച്ച് പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയേയും അഭിഭാഷകനേയും ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായിബറേലിയിലെ ജയിലിലുള്ള ബന്ധുവായ മഹേഷ് സിങ്ങിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
Read More: ഉന്നാവ്; പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് അമ്മ സുപ്രീം കോടതിയോട്
അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നതും കത്ത് സുപ്രീംകോടതി പരിഗണിച്ചതും. പെൺകുട്ടിക്ക് അപകടം സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ ബിജെപി എംഎൽഎയ്ക്കും മറ്റ് പത്ത് പേർക്കും എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറാണ് ബലാത്സംഗ കേസിലെ മുഖ്യ പ്രതി. 2017 ല്‍ തന്റെ വീട്ടില്‍ വച്ച് എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എയ്ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു. കേസില്‍ പൊലീസ് നടപടി എടുക്കാത്തതിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതി സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു.
ആവശ്യമെങ്കിൽ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മാറ്റേണ്ടതില്ല എന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവിടെ നിന്ന് തല്ക്കാലം മാറ്റേണ്ട ആവശ്യമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണ്. ബോധം തെളിഞ്ഞിട്ടില്ല, പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതിനാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.