രാജ്യത്ത് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ഏകീകൃത പ്രവർത്തന ക്രമങ്ങളും കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. അൺലോക്ക് അഞ്ചാം ഘട്ടത്തിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പ്രകാരം ഈ മാസം 15 ന് ശേഷം സ്കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് അനുമതിയിണ്ട്. പ്രാദേശിക സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

സെപ്തംബർ 30നാണ് ഇത് അൺലോക്ക് അഞ്ചാം ഘട്ടത്തിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള പ്രവർത്തന ചട്ടങ്ങൾ അറിയിക്കുമെന്ന് സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹിക അകരല ചട്ടങ്ങൾ പാലിക്കുന്നതിനുമുള്ള നിർദേശങ്ങളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Read More: സ്കൂളുകളും സിനിമാ ഹാളുകളും തുറക്കാം; അൺലോക്ക് അഞ്ചാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ

ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

 1. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ്മുറികൾ, ലാബുകൾ, ഫർണിച്ചർ, ഉപകരണങ്ങൾ, സ്റ്റേഷനറി, സംഭരണ സ്ഥലങ്ങൾ, വാട്ടർ ടാങ്കുകൾ, അടുക്കളകൾ, കാന്റീൻ, വാഷ്‌റൂം, ലൈബ്രറികൾ തുടങ്ങിയവ അടക്കം എല്ലാ സ്ഥലങ്ങളും എല്ലാ ഉപകരണങ്ങളും അണുവിമുക്തമാക്കുകയും ക്രമീകരിക്കുകയും ചെയ്യുക. ക്യാമ്പസിലും, ഇൻഡോർ ഇടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കുക.
 1. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ടാസ്ക് ടീമുകൾ രൂപീകരിക്കുക. എമർജൻസി കെയർ സപ്പോർട്ട് റെസ്പോൺസ് ടീം, ജനറൽ സപ്പോർട്ട് ടീം, കമ്മോഡിറ്റി സപ്പോർട്ട് ടീം, ശുചിത്വ പരിശോധന സംഘം തുടങ്ങിയവ രൂപീകരിച്ച് ഉത്തരവാദിത്തൾ ഏൽപിക്കുക.
 2. സ്കൂളുകൾക്ക് സ്വന്തം എസ്.ഒ.പികൾ തയ്യാറാക്കാം. ഇതിന് സംസ്ഥാനങ്ങൾ‌ ‌ നൽ‌കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ അടിസ്ഥാനമാക്കാം. ‌ സുരക്ഷ, ശാരീരിക / സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പുവരുത്തുക. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കുള്ള അറിയിപ്പുകൾ / പോസ്റ്ററുകൾ / സന്ദേശങ്ങൾ / ആശയവിനിമയം എന്നിവ കൈമാറുക, പ്രചരിപ്പിക്കുക.
 3. സീറ്റ് ക്രമീകരണത്തിൽ ശാരീരിക അകലം / സാമൂഹിക അകലം എന്നിവ ഉറപ്പാക്കണം. ചടങ്ങുകൾ ഒഴിവാക്കണം. കുട്ടികൾ ഘട്ടം ഘട്ടമായി പ്രവേശിക്കാൻ സൗകര്യം വേണം. സ്കൂളിൽ കുട്ടികൾക്കായി അകത്ത് കയറാനും പുറത്തിറങ്ങാനും വ്യത്യസ്ത സമയ സ്ലോട്ടുകൾ നൽകണം. വിവിധ ഘട്ടങ്ങളായി വേണം ടൈംടേബിൾ തയ്യാറാക്കാൻ.
 4. മാസ്ക് ധരിച്ച് വേണം എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഉദ്യോഗസ്ഥരും സ്കൂളിലെത്താൻ. മാസ്ക് ധരിച്ച് തന്നെ സ്കൂളിൽ തുടരണം.
 5. ശാരീരിക / സാമൂഹിക അകലം നടപ്പിലാക്കുന്നതിനുള്ള അടയാളങ്ങളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുക. സാമൂഹിക അകല ചട്ടം ഉറപ്പാക്കുക. സ്കൂളിൽ കുട്ടി പോവേണ്ടതുണ്ടോ എന്ന കാര്യത്തിൽ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. വീട്ടിലിരുന്ന് പഠിക്കാനാണ് കുട്ടിയും രക്ഷിതാക്കളും താൽപര്യപ്പെടുന്നതെങ്കിൽ അതിന് അനുവദിക്കണം.
 6. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ, കമ്മ്യൂണിറ്റി അംഗങ്ങൾ, ഹോസ്റ്റൽ എന്നിവരെ ആഴത്തിൽ ബോധവൽക്കരിക്കുക. അവരുടെ കടമകൾ മാർഗ നിർദേശങ്ങൾ എന്നിവ മനസ്സിലാക്കിക്കൊടുക്കുക.
 7. എല്ലാ ക്ലാസ്സുകൾക്കും അക്കാദമിക് കലണ്ടർ‌ മാറ്റങ്ങൾ‌ ആസൂത്രണം ചെയ്യുക, പരീക്ഷ, ക്ലാസ് ബ്രേക്ക് എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും. സ്കൂൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വേണ്ട പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുക.
 8. സ്കൂളിലോ സമീപത്തോ ആരോഗ്യ വിദഗ്ധരുടെ ലഭ്യത ഉറപ്പുവരുത്തുക. ഡോക്ടർ, നഴ്സ്, ആരോഗ്യ ഉപദേഷ്ടാവ് എന്നിവരുടെ സേവനം ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കണം. പതിവായി ആരോഗ്യ പരിശോധന നടത്തണം.
 9. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ആരോഗ്യനിലയെക്കുറിച്ച് മതിയായ വിവരങ്ങൾ ശേഖരിക്കണം, പ്രാദേശിക ഭരണ സംവിധാനങ്ങളിൽ നിന്നും വിവരശേഖരണം നടത്തണം: അടുത്തുള്ള കോവിഡ് സെന്ററും മറ്റു സമാന സ്ഥാപനങ്ങളും, ജില്ലാ ഹെൽപ്പ് ലൈനുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും കോൺടാക്ട് വിവരങ്ങളും അറിയുക.
 10. അസുഖമുണ്ടെങ്കിൽ, ആരോഗ്യ പ്രശ്നങ്ങൾ തോന്നിയാൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും വീട്ടിലിരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. അതിനനുസരിച്ച് സ്കൂളുകളിലെ സാഹചര്യങ്ങൾ മാറ്റുക. ഹാജരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അയവ് വരുത്തുക. സിക്ക് ലീവ് നൽകുന്നതിനുള്ള ചട്ടങ്ങളും അത് പ്രകാരം ക്രമീകരിക്കുക.
 11. സ്കൂളിൽ കോവിഡ് ബാധയുള്ളതായി സംശയിക്കുന്ന ആളെ കണ്ടെത്തിയാൽ അതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പ്രകാരം നടപടിയെടുക്കാം.
 12. ഏറ്റവും അരക്ഷിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് (ഭവനരഹിതർ / കുടിയേറ്റ വിദ്യാർത്ഥികൾ, വൈകല്യമുള്ള വിദ്യാർത്ഥികൾ, കുടുംബത്തിലെ മരണം അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നത് വഴി കോവിഡ് -19 നേരിട്ട് ബാധിച്ച വിദ്യാർത്ഥികൾ) പ്രത്യേക ശ്രദ്ധ നൽകുക. അവരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുക. പ്രത്യേക ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള സഹായ ഉപകരണങ്ങളും പഠന ഉള്ളടക്കവും നൽകുക.
 1. കുട്ടികളുടെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ സുരക്ഷയ്ക്കും പ്രതിരോധശേഷിക്കും ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇതിന്റെ ഭാഗമായി സ്കൂൾ അടക്കുന്ന സമയത്ത് അർഹരായ വിദ്യാർത്ഥികൾക്ക് സംസ്ഥാനങ്ങൾ ഉച്ചഭക്ഷണം ലഭ്യമാക്കണം. .ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ശുചിത്വം എന്നിവയിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുക ശാരീരിക / സാമൂഹിക അകലം പാലിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook