രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടത്തിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. 2020 ഒക്ടോബർ 15 ന് ശേഷം  സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതിന്  രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സർക്കാരുകൾക്ക് അനുമതിയുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട സ്കൂൾ / സ്ഥാപന മാനേജ്മെൻറുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും.

സിനിമ ഹാളുകളും മൾട്ടിപ്ലക്സുകളും തുറക്കുന്നതിനുള്ളതടക്കമുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 15 ന് ശേഷമാണ് അൺലോക്ക് ഈ ഇളവുകളും പ്രാബല്യത്തിൽ വരിക. കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലാണ് ഇളവുകൾ.

Read More: എറണാകുളത്ത് പുതിയ രോഗികൾ ആയിരത്തിലധികം; തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോട്ടും തൊള്ളായിരത്തിലധികം

അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ ഒക്ടോബർ 31 വരെ  കർശന ലോക്ക്ഡൗൺ തുടരും. കണ്ടെയ്ൻമെന്റ് സോണല്ലാത്ത പ്രദേശങ്ങളിൽ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ പാടുള്ളതല്ല. പൊതു പരിപാടികൾ യാത്ര എന്നിവ സംബന്ധിച്ച ചട്ടങ്ങളും പുതുക്കിയിട്ടുണ്ട്.

സ്കൂളുകൾ

2020 ഒക്ടോബർ 15 ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ അതത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സർക്കാരുകൾക്ക് അനുമതിയുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജുമെന്റുകളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാവുന്നതാണ്.

 • ഓൺലൈൻ / വിദൂര പഠനം മുൻ‌ഗണനയുള്ള അധ്യാപന രീതിയായി തുടരും, മാത്രമല്ല അത്പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
 • ഓൺ‌ലൈൻ‌ ക്ലാസുകൾ താൽപര്യപ്പെടുന്ന വിദ്യാർത്ഥികളെ അത് തുടരാൻ അനുവദിക്കും.
 • മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ / സ്ഥാപനങ്ങളിൽ തിരിച്ചെത്താനാവൂ.
 • അറ്റൻഡൻസ് അടിച്ചേൽപിക്കാനാവില്ല.രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാകണം കുട്ടിയുടെ ഹാജർ തീരുമാനിക്കേണ്ടത്.
 • പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾ പ്രവർത്തന ചട്ടം തയ്യാറാക്കണം.
 • തുറക്കുന്ന സ്കൂളുകൾ ഈ ഏകീകൃത പ്രവർത്തന ചട്ടം പാലിക്കണം.
 • കോളേജുകൾ / ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്ന സമയം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി (എംഎച്ച്എ) കൂടിയാലോചിച്ച് തീരുമാനമെടുക്കാം.
 • ഓൺലൈൻ / വിദൂര പഠനത്തിന് മുൻ‌ഗണന നൽകും.
 • ലബോറട്ടറി,പരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ ആവശ്യമുള്ള സാങ്കേതിക കോഴ്സുകൾക്ക് ഒക്ടോബർ 15 മുതൽ ഭൗതികമായ ക്ലാസ്സുകൾ ആരംഭിക്കാം.

സിനിമാ ഹാളുകൾ

സിനിമാ തിയറ്ററുകൾ , മൾട്ടിപ്ലക്സുകൾ എന്നിവിടങ്ങളിൽ 50ശതമാനം കാണികളെ ആണ് ഇളവ് പ്രകാരം പ്രവേശിപ്പിക്കാനാവുക. തുറക്കുന്ന സിനിമാ തിയേറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കുമുള്ള ഏകീകൃത പ്രവർത്തന ചട്ടം കേന്ദ്രസർക്കാർ പുറപ്പെടുവിക്കും. ഇതനുസരിച്ചാവണം തിയേറ്ററുകളുടെ പ്രവർത്തനമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.

പൊതു പരിപാടികൾ

സാമൂഹിക/കായിക/വിനോദ/ സാംസ്കാരിക/ മതപരമായ/ രാഷ്ട്രീയ ഒത്തുചേരലുകളിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് 100 പേർക്കുവരെ പങ്കെടുക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് ഈ പരിധി ഉയർത്താവുന്നതാണ്.

 • അടച്ച സ്ഥലങ്ങളിൽ, ഹാൾ ശേഷിയുടെ പരമാവധി 50% ആളുകളെ അനുവദിക്കും, 200 ആളുകളെ പരമാവധി പ്രവേശിപ്പിക്കാം എന്ന പരിധിയും ഇതിനായി നൽകിയിട്ടുണ്ട്. ഫെയ്സ് മാസ്ക്, സാമൂഹിക അകല ചട്ടങ്ങൾ, തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ എന്നിവയുടെ ഉപയോഗം എന്നിവ നിർബന്ധമാണ്.
 • തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ സാമൂഹിക അകലം കർശനമായി പാലിക്കണം, മാസ്ക് നിർബന്ധമായും ധരിക്കണം. തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ എന്നിവയും നിർബന്ധമാണ്.

മറ്റ് നിർദേശങ്ങൾ

 • കണ്ടെയ്ൻമെന്റ് സോണുകളിൽ ഒക്ടോബർ 31 വരെ കർശന ലോക്ക്ഡൗൺ തുടരും.
 • കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് എല്ലാ രാജ്യാന്തര യാത്രകൾക്കും അനുമതിയുണ്ടാകും.
 • കണ്ടെയ്‌ൻമെന്റ് സോണുകളിൽ, കർശനമായ നിയന്ത്രണം നിലനിർത്തുകയും അവശ്യ പ്രവർത്തനങ്ങൾ മാത്രം അനുവദിക്കുകയും ചെയ്യും.
 • കണ്ടെയ്ൻമെന്റ് സോണല്ലാത്ത പ്രദേശങ്ങളിൽ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ പാടുള്ളതല്ല.
 • അന്തർസംസ്ഥാന യാത്രകൾക്കും ചരക്ക് നീക്കത്തിനും നിയന്ത്രണമുണ്ടാകില്ല. പാസും അനുമതിയും കൂടാതെ തന്നെ ഇത്തരം യാത്രകൾ ചെയ്യാം.
 • അതേസമയം 65 വയസിന് മുകളിലുള്ളവരും 10 വയസിൽ താഴേയുള്ളവരും വീട്ടിൽ തന്നെ തുടരണം.
 • ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കണം.

‘അൺലോക്ക്’ നാലാം ഘട്ടത്തിൽ, ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുതിർന്ന ക്ലാസ്സുകൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു. വിദ്യാർത്ഥികൾ സന്നദ്ധരാണെങ്കിൽ ക്ലാസുകളിൽ പ്രവേശിക്കാം എന്ന തരത്തിലായിരുന്നു ഇത്. മെട്രോ സർവീസുകൾ പുനരാരംഭിക്കാനും അൺലോക്ക് നാലാംഘട്ടത്തിൽ കേന്ദ്രം അനുമതി നൽകിയിരുന്നു.

Read More: India unlock 5.0 guidelines, relaxations: Cinema halls can open, states to decide on schools from Oct 15

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook