ന്യൂഡൽഹി: അൺലോക്ക് 5.0 യിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നവംബർ 30 വരെ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം. സിനിമ തിയറ്ററുകൾ, മാൾട്ടിപ്ലക്സുകൾ എന്നിവ പ്രവർത്തിക്കുന്നത് അമ്പത് ശതമാനം പ്രേക്ഷകരെ ഉൾക്കൊണ്ടുകൊണ്ട് മാത്രം. കേരളത്തിൽ ഇതുവരെ തിയറ്ററുകൾ തുറക്കാൻ ധാരണയായിട്ടില്ല. സെപ്റ്റംബർ 30 നു പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നവംബർ 30 വരെ പ്രാബല്യത്തിൽ ഉണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ശക്തമായി തന്നെ തുടരണമെന്ന് ഈ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
ആളുകൾ ഒത്തുചേരുന്ന പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം തുടരുകയാണ്. രാഷ്ട്രീയ, മത, സാംസ്കാരിക പരിപാടികളില്‍ നൂറില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റമില്ല. സിനിമ തിയറ്ററുകളിലും അടച്ചിട്ട ഹാളുകളിലെ രാഷ്ട്രീയ, മത, കായിക, വിനോദ പരിപാടികളിലും സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിബന്ധന തുടരും.
Read Also: ജനപ്രിയസിനിമയുടെ അമരക്കാരന്
സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്സുകളും വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ ആറിനാണ് സർക്കാർ പുറപ്പെടുവിച്ചത്. തിയറ്ററുകളും മൾട്ടിപ്ലക്സുകളും നിർബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങളും (എസ് ഒപി) കേന്ദ്ര വാർത്തവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നു.
അതേസമയം, കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് നീളും. നവംബറിനു ശേഷമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കൂ.
മാർച്ച് 25 നാണ് രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ അടച്ചുപൂട്ടൽ ആദ്യമായി പ്രഖ്യാപിക്കുന്നത്. മേയ് 31 വരെ സമ്പൂർണ അടച്ചുപൂട്ടൽ തുടർന്നു. അതിനുശേഷം ഘട്ടംഘട്ടമായാണ് ഇളവുകൾ അനുവദിച്ചത്. ജൂൺ ഒന്ന് മുതലാണ് അൺലോക്ക് പ്രക്രിയ ആരംഭിച്ചത്.