ഹൈദരാബാദ്: കൊറോണ വൈറസിനെതിരായ കുത്തിവയ്പ് വികസിപ്പിക്കുന്നതിനരികെ ഇന്ത്യ. ഹൈദരാബാദ് സര്‍വകലാശാല (എച്ച്.യു) ഫാക്കല്‍റ്റി അംഗം സീമ മിശ്രയാണു വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ഗവേഷണ വിവരങ്ങള്‍ ശാസ്ത്രസമൂഹത്തിനു കൈമാറിയതായി സര്‍വകലാശാല വ്യക്തമാക്കി.

കൊറോണ വൈറസിനെതിരായ കുത്തിവയ്പിനുള്ള രൂപകല്‍പ്പന സംബന്ധിച്ച ഇന്ത്യയില്‍ നിന്നുള്ള ആദ്യ പഠനമാണു സീമ മിശ്രയുടേത്. ഹൈദരാബാദ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിലെ ബയോകെമിസ്ട്രി വകുപ്പ് ഫാക്കല്‍റ്റി അംഗമാണ് അവര്‍.

പ്രതിരോധ പ്രതികരണത്തിലൂടെ രോഗബാധയുള്ള കോശങ്ങളെ നശിപ്പിക്കാനായി കോശങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ചെറിയ കോറോണ വൈറല്‍ പെപ്‌റ്റൈഡുകള്‍ അല്ലെങ്കില്‍ തന്മാത്രകള്‍ സീമ മിശ്ര സൃഷ്ടിച്ചു.

വൈറസിനെതിരായ രോഗപ്രതിരോധ പ്രതികരണമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ മനുഷ്യ കോശങ്ങളെയും പ്രോട്ടീനുകളെയും നശിപ്പിക്കാത്ത തരത്തിലാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നു സര്‍വകലാശാല അവകാശപ്പെടുന്നു. എങ്കിലും ഇൗ ഫലം സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ലഭിക്കാന്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ വിധേയമാക്കേണ്ടതുണ്ട്.

വൈറസ് ഉണ്ടാക്കുന്ന ഘടനാപരവും ഘടനാപരമല്ലാത്തതുമായ പ്രോട്ടീനുകളിലുടനീളം മുഴുവന്‍ കൊറോണവൈറല്‍ പ്രോട്ടീമും പര്യവേക്ഷണം ചെയ്യുന്നുവെന്ന് സര്‍വകലാശാല അവകാശപ്പെടുന്നു.

‘നിലവില്‍, കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള ഏറ്റവും മികച്ച പ്രതിരോധം സാമൂഹിക അകലം പാലിക്കുന്ന എന്നതാണ്. കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കാരണം വാക്‌സിന്‍ നിര്‍മാണത്തിനു കുറച്ച് സമയമെടുക്കും. ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കാനുള്ള ദ്രുതപരീക്ഷണങ്ങള്‍ക്കായി ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചട്ടക്കൂടിനു ഞങ്ങളുടെ കണ്ടെത്തലുകള്‍ രൂപം നല്‍കുമെന്നു പ്രതീക്ഷിക്കുന്നു,” സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കൊറോണ വൈറസിനെതിരായ കുത്തിവയ്പ് വികസിപ്പിക്കാനും വിവിധ വൈറസകളും സൂക്ഷ്മാണുക്കളും ദ്രുതഗതിയില്‍ കണ്ടെത്താനുമുള്ള പോര്‍ട്ടബിള്‍ പരിശോധനാ കിറ്റുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഐടി ഗുവാഹതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook