പ്യോങ്യാങ്: കൂടുതൽ ഉപരോധമേർപ്പെടുത്തിയ ഐക്യരാഷ്ട്ര സഭയ്ക്ക് എതിരെ കടുത്ത പ്രതികരണവുമായി ഉത്തര കൊറിയ. തുടർച്ചയായ ആണവായുധ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയക്കെതിരെ ഐക്യരാഷ്ട്ര സംഘടന ഉപരോധം വർധിപ്പിച്ചത്. ഇതിന് പിന്നാലെ ഉത്തര കൊറിയ ഐക്യരാഷ്ട്രസഭയ്ക്ക് എതിരെ പരസ്യ പ്രസ്താവനയും പുറത്തിറക്കി.

ഇന്ധന ഉപയോഗത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ഉത്തരകൊറിയയിലേക്ക് എണ്ണ കയറ്റിവിടുന്നത് പൂർണമായി നിയന്ത്രിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ തള്ളിയത് ചൈനയും റഷ്യയുമാണ്. കിം ജോങ് ഉന്നിന്റെ സ്വത്തുക്കൾ മരവിപ്പിക്കണമെന്ന ആവശ്യവും ഇരു രാജ്യങ്ങളും എതിർത്തു.

വസ്ത്ര-വ്യാപാര തൊഴിൽ മേഖലകളിലാണ് ഇതിന് പുറമേ ഐക്യരാഷ്ട്ര സഭ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ യുഎൻ ഉപരോധത്തെ ഉചിതമായ രീതിയിൽ നേരിടുമെന്ന് പ്രഖ്യാപിച്ച ഉത്തരകൊറിയ, ഐക്യരാഷ്ട്രസഭ വലിയ വില കൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

വർഷത്തിൽ 700 ദശലക്ഷം ഡോളർ വരെ വിറ്റുവരവാണ് ഉത്തരകൊറിയ വസ്ത്രക്കച്ചവടത്തിലൂടെ നേടിയിരുന്നത്. ഇതിന് സന്പൂർണമായ ഉപരോധം ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തി. ഉത്തരകൊറിയയിൽ നിന്നുള്ളവർക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ നിയന്ത്രിക്കുന്നത് വഴി 500 കോടി ഡോളറിന്റെ വരുമാനക്കുറവും പ്രതീക്ഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ