ന്യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾ തീരും വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഐസിസി ടൂർണ്ണമെന്റുകളിലല്ലാതെ ഉഭയകക്ഷി തീരുമാനപ്രകാരം ക്രിക്കറ്റ് കളിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. ബിസിസിഐ ഭാരവാഗികൾ പാക് ക്രിക്കറ്റ് ബോർഡ് ഭാരവാഹികളുമായി ദുബൈയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

“ഉഭയകക്ഷി തീരുമാനപ്രകാരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിലെ പ്രശ്നങ്ങൾ തീരും വരെ ക്രിക്കറ്റ് മത്സരം അനുവദിക്കില്ല” അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ 2012 ൽ തീവ്രവാദി ആക്രമണം നടന്നതിൽ പിന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിച്ചിട്ടില്ല.

“പാക്കിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളെ കുറിച്ച് സംസാരിക്കും മുൻപ് ബിസിസിഐ കേന്ദ്ര സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യേണ്ടതാണ്. അതിർത്തിയിലെ പ്രശ്നങ്ങൾ തീരുന്നത് വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷി ക്രിക്കറ്റ് മത്സരം അനുവദിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ ഐസിസി ടൂർണമെന്റുകളിൽ ഈ നിലപാട് ആയിരിക്കില്ല സ്വീകരിക്കുക.” അദ്ദേഹം വ്യക്തമാക്കി.

2015-2023 കാലയളവിലേക്ക് നേരത്തേ നിശ്ചയിച്ചിരുന്ന അഞ്ച് ക്രിക്കറ്റ് ടൂർണമെന്റുകളിൽ നിന്ന് പിന്മാറിയതിന് പാക് ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് നൊട്ടീസ് അയച്ചിട്ടുണ്ട്. 387 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നൊട്ടീസ് അയച്ചിരിക്കുന്നത്.

സർക്കാർ അനുമതി ഇല്ലാതെ കരാർ തുടരാനാകില്ലെന്നും അതിനാൽ കേസിൽ നിന്ന് പിന്മാറണമെന്നും ബിസിസിഐ ഭാരവാഹികൾ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook