ബിക്കാനിർ: സ്വന്തം മണ്ഡലത്തില്‍ മൊബൈല്‍ കവറേജില്ലാത്തതിനാല്‍ മരത്തില്‍ കയറേണ്ടി വന്ന കേന്ദ്രമന്ത്രിയുടെ വീഡിയോ നവ മാധ്യമങ്ങളിൽ വൈറലാകുന്നു. കേന്ദ്രധന സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിനാണ് മരത്തില്‍ കയറേണ്ട ഗതികേടുണ്ടായത്. രാജസ്ഥാനിലെ സ്വന്തം മണ്ഡലമായ ബിക്കാനീറിലെ ധോലിയ ഗ്രാമം സന്ദര്‍ശിക്കുമ്പോഴാണ് സംഭവമുണ്ടായത്.

ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാനാണ് കേന്ദ്രമന്ത്രിക്ക് മൊബൈല്‍ കവറേജ് കിട്ടാന്‍ മരം കയറേണ്ടി വന്നത്. തങ്ങളുടെ ഗ്രാമത്തിലെ പ്രശ്‌നങ്ങളോട് ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്ന പരാതിയുമായി ഗ്രാമവാസികള്‍ ഇദ്ദേഹത്തിനെ സമീപിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്ത്രി ഉദ്യോഗസ്ഥരെ ലാന്‍ഡ് ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ ഫോൺ ചെയ്യാനായില്ല. മൊബൈല്‍ ഫോണിലും കവറേജ് ഇല്ലായിരുന്നു. തുടര്‍ന്ന് മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ കവറേജ് ലഭിക്കുമെന്ന ഗ്രാമവാസികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മന്ത്രി ഏണിവെച്ച് മരത്തില്‍ കയറി ഫോണ്‍ ചെയ്യുകയായിരുന്നു.

മരത്തിൽ കറിയതോടെ മന്ത്രിക്ക് ഫോണില്‍ നെറ്റ്‌വര്‍ക്ക് ലഭിച്ചു. ആരോപണവിധേയരായ ഉദ്യോഗസ്ഥരോട് മന്ത്രി ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി പുതിയ പദ്ധതിയും ഗ്രാമീണര്‍ക്ക് ബിഎസ്എന്‍എല്‍ ടവറും വാഗ്ദാനം ചെയ്തശേഷമാണ് അര്‍ജുന്‍ റാം മേഘ്‌വാള്‍ ഗ്രാമം വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ