ഡൽഹിയിലെ കുത്തബ് മിനാറിൽ ഉത്ഖനനം നടത്താൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, അത്തരം നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച സാംസ്കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ സ്മാരകം സന്ദർശിച്ച ശേഷം, ഖുതുബ് നിർമ്മിച്ചത് കുതുബുദ്ദീൻ ഐബക്കാണോ ചന്ദ്രഗുപ്ത വിക്രമാദിത്യയാണോ എന്ന് പരിശോധിക്കാൻ ഖനനം നടത്താൻ എഎസ്ഐയോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഉദ്യോഗസ്ഥരുടെ സ്ഥിരം സൈറ്റ് സന്ദർശനമായിരുന്നു ഇതെന്നും ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രാലയം തറപ്പിച്ചുപറയുന്നു. എന്നാൽ, പ്രതികരിക്കാൻ എഎസ്ഐയിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ശനിയാഴ്ച മോഹൻ, മുതിർന്ന ഉദ്യോഗസ്ഥരുടെയും ചരിത്രകാരന്മാരുടെയും സംഘത്തോടൊപ്പം രണ്ട് മണിക്കൂറിലധികം അവിടെ ചെലവഴിച്ചിരുന്നു. അപ്പോൾ സ്മാരകങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്തു.
ഖനനം നടത്തുന്നതിൽ തീരുമാനമായിട്ടില്ലെങ്കിലും, ഔദ്യോഗിക സന്ദർശന വേളയിൽ വിഷയം പരിഗണനയ്ക്ക് വന്നതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. എഎസ്ഐ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന സമീപത്തെ അനംഗ് താൽ തടാകവും സംഘം സന്ദർശിച്ചിരുന്നു.