ന്യൂഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി. കെ. സിങ് എന്നിവർ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് യുക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം, യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി മുംബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ബുകാറസ്റ്റിലേക്ക് തിരിച്ചു. ഇന്ന് ഉച്ചക്ക് 1.50ന് തിരിച്ച വിമാനം വൈകിട്ട് 6.16ന് ബുകാറസ്റ്റിൽ എത്തിച്ചേരും.
ബുകാറസ്റ്റിൽ നിന്ന് പ്രാദേശിക സമയം വൈകിട്ട് 7.15ന് വിമാനം തിരിച്ച് മടങ്ങും. ഇന്ധനം നിറയ്ക്കാൻ വിമാനത്തിന് കുവൈറ്റിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. നാളെ രാവിലെ 9:30ന് വിമാനം മുംബൈയിൽ എത്തും.
വിദ്യാര്‍ഥികളടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരെയാണ് നാട്ടില്‍ തിരിച്ചെത്തിക്കാനുള്ളത്. ആദ്യം യുക്രൈനിലേക്കും, പിന്നീട് അയല്‍ രാജ്യങ്ങളിലേക്കും വിമാനം എത്തിച്ചാണ് ഇതുവരെ പൗരന്മാരെ തിരികെ എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 1,156 പേരെയാണ് യുക്രൈനില്‍ നിന്ന് രക്ഷപെടുത്തിയത്.
എന്നിരുന്നാലും വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ്. യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആക്രമണം നടക്കുന്ന കീവിലും, ഖാര്‍കീവിലും മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
പലരുടേയും പക്കല്‍ ഭക്ഷണം പോലുമില്ലെന്നാണ് ലഭിക്കുന്ന വിവരം. റഷ്യയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് പോളണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തിയിലെത്താന്‍ സാധിക്കുന്നില്ല. ആക്രമണം നടക്കുന്ന കീവ് താണ്ടി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. റഷ്യ വഴി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Also Read: റഷ്യക്കെതിരെ യുക്രൈന് യുഎന്‍ പരമോന്നത കോടതിയില്‍; വംശഹത്യ കേസ് ഫയല്‍ ചെയ്തു