സുല്‍ത്താന്‍പൂര്‍: മദ്യപാനികള്‍ക്ക് മക്കളെ വിവാഹം കഴിച്ചു നല്‍കരുതെന്ന ആഹ്വാനവുമായി കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ. മദ്യപാനികള്‍ക്ക് ആയുസ് വളരെ കുറവാണെന്നും ലംഭുവ അസംബ്ലി മണ്ഡലത്തിൽ ഡി അഡിക്ഷനെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിജീവിതത്തിലെ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ വിശദീകരണം.
“എംപിയായിരുന്ന എനിക്കും എംഎല്‍എയായിരുന്ന എന്റെ ഭാര്യക്കും മദ്യപാനിയായിരുന്ന ഞങ്ങളുടെ മകന്റെ ജീവന് രക്ഷിക്കാനായില്ല. അപ്പോള്‍ ഒരു സാധാരണക്കാരനെങ്ങനെ സാധിക്കും. എന്റെ മകന് ആകാശ് കിഷോറിന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അവനെ ഡി അഡിക്ഷന് സെന്ററില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതയുണ്ടായി. അവന് മദ്യപാനശീലം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ആറ് മാസത്തിന് ശേഷം വിവാഹം കഴിപ്പിച്ചു. പക്ഷെ അവന് വീണ്ടും മദ്യപിച്ചു. അത് അവന്റെ മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഒക്ടോബര്‍ 19-ന് ആകാശ് ഈ ലോകത്തോട് വിടപറഞ്ഞു. അവന്റെ മകന് രണ്ട് വയസ് ആകുന്നതെയുള്ളു,” കേന്ദ്ര മന്ത്രി പറഞ്ഞു.
“എനിക്കെന്റെ മകന്റെ ജീവന് രക്ഷിക്കാനായില്ല. അതുകൊണ്ട് ഒരു പെണ്‍കുട്ടി വിധവയായി. നിങ്ങള്‍ നിങ്ങളുടെ മക്കളേയും സഹോദരിമാരേയും ഇത്തരം സാഹചര്യത്തില്പ്പെടാതെ സംരക്ഷിക്കണം. സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത് 6.32 ലക്ഷം പേര്‍ക്കാണ് 90 വര്‍ഷത്തിനിടെ ജീവന് നഷ്ടമായത്. എന്നാല്‍ മദ്യപാനം മൂലം ഒരു വര്‍ഷം 20 ലക്ഷത്തോളം പേരാണ് മരിക്കുന്നത്,” കേന്ദ്ര മന്ത്രി ചൂണ്ടിക്കാണിച്ചു.
അര്‍ബുദം ബാധിച്ച് മരിക്കുന്ന 80 ശതമാനത്തോളം പേരും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമപ്പെട്ടവരാണെന്നും മോഹന്‍ലാല്‍ഗഞ്ജ് ലോകസഭാ മണ്ഡലത്തില്‍ നിന്നുള്ള എംപികൂടിയായ അദ്ദേഹം പറഞ്ഞു.
ഡി അഡിക്ഷന് പ്രോഗ്രാമിന്റെ ഭാഗമാകാനും കുടുംബത്തെ രക്ഷിക്കാനും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.