ബെംഗളൂരു: നവംബര്‍ 10ന് കര്‍ണാടകയില്‍ നടക്കുന്ന ടിപ്പു ജയന്തിയിൽ നിന്നും തന്നെ ഒഴിവാക്കണണമെന്ന് കേന്ദ്ര മന്ത്രി ആനന്ദ്കുമാർ ഹെഗ്ഡെ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ തന്റെ പേര് ചേര്‍ക്കരുതെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉത്തര കന്നഡ ഡിസിക്കും അയച്ച കത്തില്‍ ഹെഗ്ഡെ ആവശ്യപ്പെട്ടു.

അതേസമയം, ഹെഗ്ഡെയുടെ പ്രതികരണത്തില്‍ സിദ്ധരാമയ്യ ശക്തമായി പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗമായ ഹെഗ്ഡെ ഇത്തരമൊരു കത്ത് എഴുതാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണക്കത്ത് കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്ക് അയക്കുന്നതാണെന്നും അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു രാഷ്ട്രീയ പ്രശ്നമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ നാല് യുദ്ധങ്ങളിലും ടിപ്പു പോരാടിയിട്ടുണ്ട്’, സിദ്ധരാമയ്യ എഎന്‍ഐയോട് പറഞ്ഞു.

2016ൽ ടിപ്പുവിന്‍റെ പിറന്നാൾ ആഘോഷം കൊണ്ടാടുന്നതിനുളള സർക്കാർ തീരുമാനത്തെയും ഹെഡ്ഗെ എതിർത്തിരുന്നു. കഴിഞ്ഞ 2 വർഷമായി ടിപ്പു ജയന്തിക്കെതിരെ കുടകിൽ സംഘപരിവാർ അനുകൂലികളുടെ വ്യാപക പ്രതിഷേധം നിലനിൽക്കെയാണ് വീണ്ടും ആഘോഷം സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ