ഔറംഗാബാദ്: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയുടെ പ്രസംഗം ദലിതർ തടസ്സപ്പെടുത്തി. മറാത്താവാദ യൂണിവേഴ്സിറ്റിയുടെ പുനർ നാമകരണ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രിയെയാണ് ദലിതർ പ്രതിഷേധിച്ച് പ്രസംഗം തടസ്സപ്പെടുത്തിയത്. ഇതേ തുടർന്ന് 130 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അനുയായികളും പൊലീസും തീർത്ത വലയത്തിൽ നിന്ന് കേന്ദ്രമന്ത്രി പ്രസംഗിച്ചു. പ്രതിഷേധവുമായി മുന്നോട്ട് വന്ന 130 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

1990 ൽ ദലിത് പ്രതിഷേധത്തെ തുടർന്നാണ് മറാത്താവാദ യൂണിവേഴ്സിറ്റിയെ ബാബാ സാഹേബ് അംബേദ്‌കർ സ്മാരക മറാത്താവാദ യൂണിവേഴ്സിറ്റിയെന്ന് പുനർനാമകരണം ചെയ്തത്. കൊറഗോൺ ഭീമ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ദലിത് സംഘടനകൾ പുനർ നാമകരണ വാർഷികം ഒരുമിച്ചാഘോഷിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ അത്തേവാലെ അനുകൂലികളും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും മറ്റൊരിടത്ത് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതേ തുടർന്നാണ് ഒരു സംഘം പ്രതിഷേധവുമായി മുന്നോട്ട് വന്നത്. കേന്ദ്രമന്ത്രിസഭയിലെ ദലിത് പ്രതിനിധി കൂടിയായ അത്തേവാലെയ്ക്ക് എതിരെ, അദ്ദേഹത്തിന്റെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ