ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി തുടക്കമിട്ട സ്വച്ഛ് ഭാരത് പദ്ധതി എന്ന പരിസര ശുചിത്വ പരിപാടിക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച് കേന്ദ്രമന്ത്രിയുടെ പ്രവൃത്തി. പൊതു ഇടത്ത് മൂത്രം ഒഴിക്കുന്ന കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രി മൂത്രം ഒഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ബിഹാറിലെ മോത്തിഹാരിയില്‍ വെച്ചാണ് സംഭവമെന്നാണ് വിവരം. മന്ത്രി മൂത്രം ഒഴിക്കുമ്പോള്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ചിത്രത്തില്‍ കാണാം. ചിത്രം പ്രചരിച്ചതിന് പിന്നാലെ മന്ത്രിക്ക് വ്യാകപമായ രീതിയിലാണ് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത്. ഫെയ്സ്ബുക്കിലും ട്വിറ്ററിലും മന്ത്രിയെ ട്രോളിയും പരിഹസിച്ചും ഉപയോക്താക്കള്‍ രംഗത്ത് വന്നു. സ്വച്ഛതാ അഭിയാന്‍ പ്രധാനമന്ത്രി ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ മന്ത്രിയില്‍ നിന്നും വിശദീകരണം തേടണമെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാന്റെ ശിലാഫലകമാണ് മന്ത്രി സ്ഥാപിക്കുന്നതെന്ന് പരിഹസിക്കപ്പെട്ടു. മന്ത്രിക്കെതിരെ ശക്തമായ നടപടി തന്നെ എടുക്കണമെന്നും ആവശ്യം ഉയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ