ന്യൂഡല്‍ഹി: ‘ഇന്ത്യ വിരുദ്ധ സംഘത്തിന്റെ’ ഭാഗമായ വിരമിച്ച ജഡ്ജിമാര്‍ ജുഡീഷ്യറിയെ പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്ന് കേന്ദ്ര നിയമ-ജസ്റ്റിസ് മന്ത്രി കിരണ്‍ റിജിജു.
”അടുത്തിടെ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു സെമിനാര്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയോ ഭരണനിര്‍വഹണം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നുവെന്ന് സെമിനാര്‍ മാറി. പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റുകളായ കുറച്ച് ജഡ്ജിമാരുണ്ടെന്നും ” കിരണ്‍ റിജിജു പറഞ്ഞു.
‘ചിലര്‍ സുപ്രീം കോടതിയില്‍ പോയി ദയവായി സര്‍ക്കാരിനെ കടിഞ്ഞാണിടണമെന്ന്
പറയുന്നു. ഇത് സംഭവിക്കില്ല. ജുഡീഷ്യറി നിഷ്പക്ഷമാണ്, ജഡ്ജിമാര്‍ ഒരു ഗ്രൂപ്പിന്റെയും രാഷ്ട്രീയ ബന്ധങ്ങളുടെയും ഭാഗമല്ല. നീതിന്യായ കോടതികള്‍ സര്‍ക്കാരിനെ നിയന്ത്രിക്കണമെന്ന് ഇവര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ഡല്‍ഹിയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു നിയമമന്ത്രി.
‘ഇന്ത്യന്‍ ജുഡീഷ്യറി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നോ രാജ്യത്ത് ജനാധിപത്യം അവസാനിച്ചെന്നോ… ജുഡീഷ്യറി മരിച്ചുവെന്നോ ആരെങ്കിലും പറഞ്ഞാല്‍, അതിന്റെ അര്‍ത്ഥമെന്താണ്? ഇന്ത്യന്‍ ജുഡീഷ്യറിയെ തുരങ്കം വയ്ക്കാനുള്ള ഒരു ഗുഢശ്രമം നടക്കുന്നു എന്നാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ജുഡീഷ്യറിയെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ ദിവസവും പറയാന്‍ ശ്രമിക്കുന്നത്,” റിജിജു പറഞ്ഞു.
”തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ഭരണഘടനയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം. അതനുസരിച്ച് നിയമനം നടത്തണം. പാര്‍ലമെന്റില്‍ അതിനുള്ള നിയമനിര്‍മ്മാണം ഇല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു, ഒരു ശൂന്യതയുണ്ട്, ”അദ്ദേഹം പറഞ്ഞു. ‘എന്നാല്‍ ഞാന്‍ പറയുന്നത്, ഇന്ത്യയിലെ എല്ലാ സുപ്രധാന നിയമനങ്ങളിലും ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ കേള്‍ക്കുകയാണെങ്കില്‍ ആരാണ് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.