ബെംഗളൂരു: കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ബെംഗളൂരുവിൽ അന്തരിച്ചു. 59 വയസായിരുന്നു. അർബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 1.40 ഓടെയാണ് മരണം സംഭവിച്ചത്. കേന്ദ്ര സർക്കാരിൽ പാര്‍ലമെന്ററികാര്യ വകുപ്പിന് പുറമെ, രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.

ബെംഗളൂരു സൗത്തിൽ നിന്നുളള പാർലമെന്റംഗമാണ്. ഇവിടെ നിന്ന് ആറ് തവണയാണ് ഇദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹൂബ്ലി കെഎസ് ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനന്ത് കുമാറിന്റെ തുടക്കം എബിവിപിയിലൂടെ ആയിരുന്നു. 1985 ൽ എബിവിപിയുടെ ദേശീയ സെക്രട്ടറിയായിരുന്നു.

യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നാണ് ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ചത്. 1996 ൽ ലോക്സഭയിലെത്തി. 1998 ൽ വാജ്പേയി സർക്കാരിൽ കേന്ദ്ര വ്യോമയാന വകുപ്പിന്റെ ചുമതല വഹിച്ചു. 2003 ലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവി വഹിച്ചത്.

അർബുദത്തിന് ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു എന്നാൽ ഇവയൊന്നും ഫലം കണ്ടില്ല. കുറച്ച് ദിവസങ്ങളിലായി വിശ്രമത്തിലായിരുന്നു. 1959 ജൂലൈ 22ന് ബെംഗളൂരുവില്‍ ജനനം. ഡോ. തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവര്‍ മക്കളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ