ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊലവിളി പ്രസംഗം നടത്തി കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂർ. ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗം.

‘രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണം’ എന്ന് അനുരാഗ് താക്കൂർ പ്രസംഗത്തിനിടെ പറയുന്നു. പ്രസംഗം കേട്ടുനിൽക്കുന്നവർ ഇത് ഏറ്റുചൊല്ലുന്നതും കാണാം. ഒന്നിലേറെ തവണ അനുരാഗ് താക്കൂർ ഇത് പറയുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പരോക്ഷമായി ഉദ്ദേശിച്ചാണ് ബിജെപി കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്‌താവന. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read Also: ഇരകൾ കുറ്റക്കാരായി; പൊലീസ് നരനായാട്ടിനെതിരെ രാഹുലും പ്രിയങ്കയും മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരായി വേറെയും ബിജെപി നേതാക്കൾ ഇത്തരം കൊലവിളി പരാമർശം നടത്തിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രി തന്നെ ഇങ്ങനെ ഒരു പ്രസംഗം നടത്തിയത് ഏറെ വിവാദങ്ങളിലേക്ക് വഴിതുറക്കും.

delhi assembly elections, delhi polls, bjp delhi elections, anurag thakur bjp, desh ke gaddaro ko slogan, citizenship amendment act, caa protests,

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും ഈ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. പ്രതിഷേധങ്ങളെ വിമർശിച്ച ആദിത്യാനാഥ്, പുരുഷന്മാർ വീടുകളുടെ സുഖസൗകര്യങ്ങളിൽ ഇരുന്നു സ്ത്രീകളെയും കുട്ടികളെയും തെരുവിലിറക്കി പ്രക്ഷോഭം നടത്തുന്നത് ലജ്ജാകരമാണെന്നും പറഞ്ഞു.

Read Also: നടിയെ ആക്രമിച്ച കേസ്: ഇര തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ

“സ്വയം പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഈ ആളുകൾക്ക് ധൈര്യമില്ല. അവർ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അവർക്കറിയാം. ഇപ്പോൾ, അവർ അവരുടെ വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും തെരുവുകളിൽ ഇറക്കാൻ തുടങ്ങി. പുരുഷന്മാർ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങുകയും സ്ത്രീകളെ തെരുവുകളുടെ കോണിൽ ഇരുത്തുകയും ചെയ്യുന്നത് എന്തൊരു വലിയ കുറ്റകൃത്യമാണ്.” യോഗി പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മോശമായി കെെകാര്യം ചെയ്യുന്നു എന്നാരോപിച്ച് കോൺഗ്രസ് സംഘം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പൊലീസ് അതിക്രമങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് പൊലീസിനെതിരെയാണ് കോൺഗ്രസ് നേതാക്കളുടെ സംഘം പരാതി നൽകിയിരിക്കുന്നത്. പൊലീസിനെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook