ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രിയും എൽജെപി (ലോക് ജനശക്തി പാർട്ടി) നേതാവുമായ രാം വിലാസ് പാസ്വാന്റെ മരണം രാഷ്ട്രീയത്തിലെ ദലിത് മുഖത്തിനേൽക്കുന്ന മങ്ങൽ കൂടിയാണ്. ബിഹാർ രാഷ്‌ട്രീയത്തിൽ വ്യക്തമായ സാന്നിധ്യമുള്ള നേതാവാണ് പസ്വാൻ. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായാണ് പസ്വാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1969 ൽ ബിഹാർ നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. ബിഹാര്‍ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും പസ്വാനാണ്.

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പസ്വാനെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്‌ച അദ്ദേഹത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം

മകൻ ചിരാഗ് പസ്വാനാണ് രാം വിലാസിന്റെ മരണവാർത്ത പുറത്തുവിട്ടത്. ‘മിസ് യു പാപാ…’ എന്ന അടിക്കുറിപ്പോടെ പിതാവിനൊപ്പമുള്ള പഴയചിത്രം ചിരാഗ് ട്വീറ്റ് ചെയ്തു.

ram vilas paswan dead, ram vilas paswan photos, chirag paswan, ljp ram vilas paswan, india news, indian express

രാം വിലാസ് പസ്വാൻ (പഴയ ചിത്രം)

ബിഹാറിൽ നിന്നുള്ള ദളിത് രാഷ്‌ട്രീയ നേതാവാണ് രാം വിലാസ് പസ്വാൻ. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. എട്ട് തവണ ലോക്‌സഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി വി.പി.സിങ്ങിനൊപ്പം

ram vilas paswan dead, ram vilas paswan photos, chirag paswan, ljp ram vilas paswan, india news, indian express

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡക്കും മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനുമൊപ്പം പസ്വാൻ

ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. വി.പി.സിങ് മന്ത്രിസഭയിലാണ് ആദ്യ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുന്നത്. പിന്നീട് എച്ച്.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്‌റാൾ, എ.ബി.വാജ്‌പേയ്, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ മന്ത്രിസഭകളിലും അംഗമായി.

ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് രാം വിലാസ് പസ്വാനെ ജയിലിലടച്ചിരുന്നു

1977 ലാണ് പസ്വാൻ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹാജിപുർ മണ്ഡലത്തിൽനിന്ന് എട്ട് തവണ ലോക്‌സഭയിലെത്തി. ഹാജിപുർ മണ്ഡലത്തിൽ നിന്ന് ആദ്യ തവണ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പസ്വാൻ ജയിച്ചത്. 1989 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹവിർ പസ്വാനെ 5,04,448 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലും പരാജയപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബിഹാറിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നത്. സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്ത അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി പാർലമെന്റിലെ സജീവ സാന്നിദ്ധ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook