ന്യൂഡൽഹി: ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ ലഖ്‌നൗ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ നടപടി എടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിർദ്ദേശിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇക്കാര്യം സംസാരിച്ചതായി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് തിവാരിയെ(38) ശനിയാഴ്ച പുലര്‍ച്ചെയാണ് ഉത്തർപ്രദേശ് പൊലീസ് വെടിവെച്ചു കൊന്നത്. വാഹന പരിശോധനയ്ക്കിടെ വിവേക് തിവാരി കാർ നിർത്താതെ ഓടിച്ചുപോയതാണ് വെടിവച്ച് കൊലപ്പെടുത്താൻ കാരണമായി പൊലീസ് പറഞ്ഞത്. എന്നാൽ വിവേകിന്റെ ഒപ്പമുണ്ടായിരുന്ന സന ഖാൻ ഇക്കാര്യം നിഷേധിച്ചു.
ലഖ്‌നൗ രാജ്‌നാഥ് സിങ്ങിന്റെ ലോക്‌സഭാ മണ്ഡലമാണ്. കൊലപാതകത്തിന് പിന്നാലെ പൊലീസിനെ ന്യായീകരിച്ച് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി രംഗത്ത് വന്നിരുന്നു. ബുളളറ്റുകൾ ക്രിമിനലുകൾക്ക് മാത്രമേ ഏൽക്കാറുളളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്തെ ഗുണ്ടാരാജാണ് ഉത്തർപ്രദേശിലെ പ്രശ്നമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് ആപ്പിൾ എക്സിക്യുട്ടീവിന്റെ വധത്തിൽ മന്ത്രി മറുപടി പറഞ്ഞത്.
പൊലീസ് അതിക്രമത്തെ തളളി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടൽ കൊലയല്ല നടന്നതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.