ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്കാണ് അമിത്ഷായെ മാറ്റിയത്.

അതേസമയം, വെള്ളിയാഴ്ച വൈകിട്ട് താൻ അമിത് ഷായെ കണ്ടിരുന്നതായും അതിനാൽ ഐസൊലേഷനിലേക്ക് പോവുകയാണെന്നും പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ അറിയിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഐസൊലേഷനിലേക്ക് പോവുന്നതെന്നും സുപ്രിയോ ട്വീറ്റ് ചെയ്തു.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,723 ആയി. മരണസംഖ്യ 37,364 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 54,735 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 853 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് നിലവിൽ 5,67,730 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതുവരെ 11,45,629 പേർ കോവിഡ് മുക്തരായി.

നേരത്തെ തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ് മന്ത്രി കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതിനോടകം രണ്ട് ഡസനിലധികം രാഷ്ട്രീയ നേതാക്കൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ഒരു എംഎൽഎയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook