scorecardresearch

Latest News

ഒമിക്രോണ്‍ ആശങ്ക: പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

രോഗവ്യാപനം രൂക്ഷമായിട്ടും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പരിശോധനകളുടെ എണ്ണം കുറച്ചിരുന്നു

covid-19, കോവിഡ്-19, coronavirus,

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം. പരിശോധനകളുടെ എണ്ണം അടുത്തിടെ വലിയ തോതില്‍ കുറഞ്ഞത് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

അഡീഷണൽ ഹെൽത്ത് സെക്രട്ടറി അര്‍തി അഹൂജ പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുള്ളതായി സംസ്ഥാനങ്ങളുടെ ആരോഗ്യ സെക്രട്ടറിമാരെ അറിയിച്ചു. ഏതെങ്കിലും സംസ്ഥാനത്തെയൊ കേന്ദ്ര ഭരണ പ്രദേശങ്ങളെയൊ എടുത്ത് പറഞ്ഞിട്ടില്ല. തിങ്കളാഴ്ച രാജ്യത്ത് 16.49 ലക്ഷം പരിശോധനകളാണ് നടത്തിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ തുടരുകയാണ്.

“നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതുപോലെ ഓമിക്രോണ്‍ രാജ്യത്ത് വ്യാപിക്കുകയാണ്. ഏറ്റവും നിര്‍ണായക ഘടകമാകുന്നത് കൃത്യമായുള്ള പരിശോധനകളാണ്. പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറഞ്ഞതായി ഐസിഎംആർ പോർട്ടലിൽ ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസിലാകുന്നു,” അഹൂജ പറഞ്ഞു.

“മഹാമാരിയുടെ വ്യാപനം തടയുന്നത് പരിശോധനകള്‍ വളരെ പ്രധാനമാണെന്ന് പറയുന്നതിന് രണ്ട് കാരണങ്ങളാണുള്ളത്. പുതിയ ക്ലസ്റ്ററുകളും ഹോട്ട്‌സ്‌പോട്ടുകളും തിരിച്ചറിയുന്നതിനും നിയന്ത്രണത്തിനുള്ള അടിയന്തര നടപടികള്‍ സുഗമമാക്കാനും സഹായിക്കും. ഇത് അണുബാധയുടെ വ്യാപനം തടയാൻ ജില്ലാ ഭരണകൂടത്തെ പ്രാപ്‌തമാക്കുകയും ചെയ്യും,” അഹൂജ കൂട്ടിച്ചേർത്തു.

“നേരത്തെയുള്ള പരിശോധന മരണനിരക്കും രോഗാവസ്ഥ ഗുരുതരമാകുന്നതുമായി സാഹചര്യങ്ങളെ തടയും. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരിലേക്കും പ്രായമായവരിലേക്കും രോഗവ്യാപനം എത്തുന്നത് ഒഴിവാക്കാന്‍ കൃത്യമായ പരിശോധനയിലൂടെ സാധിക്കും,” അഹൂജ ചൂണ്ടിക്കാണിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധന വര്‍ധിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Also Read: കോവിഡ്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം; പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Union health ministry directs states to increase covid test