ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

കേരളത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഈ വകഭേദം കണ്ടെത്തിയത്

Covid Virus
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയത്.

ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വകഭേദം കണ്ടെത്തിയ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും കർശനമായി ക്വാറന്റൈൻ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ഇതിനു പുറമെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തുന്ന സാമ്പിളുകള്‍ ഐ.എന്‍.എസ്.എ.സി.ഒ.ജി അംഗീകൃത ലാബുകളിലേക്ക് അയക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡെല്‍റ്റ പ്ലസ് വകഭേദം (ബി.1.617.2.1), ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിന് കാരണമാണ് ഡെല്‍റ്റ വകഭേദത്തോട് അടുത്ത് നില്‍ക്കുന്നതാണ്. എന്നാല്‍ ഇത് വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഡെല്‍റ്റ പ്ലസ് വകഭേദം മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിട്ടുള്ളതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു. “പകര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഏതൊരും വകഭേദത്തേയും അപകടകാരിയായി കണക്കാക്കുന്നത്. ഇതുവരെ ഒന്‍പത് രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തി. അമേരിക്ക, യു.കെ, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, പോളണ്ട്, നേപ്പാള്‍, ചൈന, റഷ്യ തുടങ്ങിയവയാണ് രാജ്യങ്ങള്‍,” ഭൂഷന്‍ പറഞ്ഞു.

രാജ്യത്ത് 22 സാമ്പിളുകളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഈ വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ രത്‌നഗിരി, ജൽഗാവ് ജില്ലകളിലും മധ്യപ്രദേശിൽ ഭോപ്പാൽ, ശിവപുരി ജില്ലകളിലുമാണ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചതായി കണ്ടെത്തിയത്.

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലും പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിലുമായി മൂന്ന് പേർക്കാണ് കേരളത്തിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി

കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണു പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.

അതേസമയം പാലക്കാട് ജില്ലയിൽ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

ഈ പഞ്ചായത്തുകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാൽ പാലുല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീൻ – ഇറച്ചി കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

Read More: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം

ഹോട്ടലുകള്‍, റെസ്റ്റൊറെന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്.

പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നൽകുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കുകയും ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ ഈ പഞ്ചായത്തുകളിൽ നിയോഗിച്ചിട്ടുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Union health ministry advises maharashtra kerala and madhya pradesh on covid 19 delta plus variant

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express