scorecardresearch

മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോദിച്ചു കേന്ദ്രം; കേരളീയരുടേത് നല്‍കേണ്ടത് എല്ലാ മാസവും 15-ന്‌

നിരവധി മാസങ്ങളായി ഈ നടപടി തുടരുന്നു, എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ആവശ്യം കുത്തനെ ഉയര്‍ന്നു

മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോദിച്ചു കേന്ദ്രം; കേരളീയരുടേത് നല്‍കേണ്ടത് എല്ലാ മാസവും 15-ന്‌

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്വകാര്യതാ ചട്ടങ്ങളേയും നിലവിലെ നിയമങ്ങളേയും കാറ്റില്‍പ്പറത്തി രാജ്യത്തെ പൗരന്‍മാരുടെ ഫോണ്‍ കോള്‍
വിവരങ്ങള്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് പൗരന്‍മാരുടെമേലുള്ള നിയമവിരുദ്ധമായ നിരീക്ഷണമായും സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമായും വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ വിവിധ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടത്.  കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്നപ്പോഴത്തേയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തേയും വിവരങ്ങളാണ് ആവശ്യപ്പെട്ടത്.

Read in English: Cellphone operators red-flag ‘surveillance’ after Govt wants call records of all users

ടെലികോം വകുപ്പിന്റെ പ്രാദേശിക ഓഫീസുകള്‍ വഴിയാണ് ടെലികോം സേവനദാതാക്കളോട് അസാധാരണമായ ആവശ്യം ഉന്നയിച്ചത്‌. കേരളം, ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങളാണ് വകുപ്പ് ആരാഞ്ഞത്.

നിരവധി മാസങ്ങളായി ഈ നടപടി തുടരുന്നുവെന്നും എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചു കൊണ്ടുള്ളആവശ്യം കുത്തനെ ഉയര്‍ന്നുവെന്നും പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഒരു ടെലികോം കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: കോവിഡ്-19: ‘എ’ രക്തഗ്രൂപ്പുകാർക്ക് അതിവേഗം ബാധിച്ചേക്കാം, ‘ഒ’ ഗ്രൂപ്പുകാർക്ക് പ്രതിരോധശേഷി കൂടുമെന്നും പഠനം

ഉപഭോക്താക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടുള്ള അഭ്യര്‍ത്ഥനക്കെതിരെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎഐ) ഫെബ്രുവരി 12-ന് ടെലികോം വകുപ്പ് സെക്രട്ടറി അന്‍ഷു പ്രകാശിന് പരാതി നല്‍കിയിരുന്നു.

പ്രത്യേക മേഖലയിലേയും റൂട്ടുകളിലേയും ഫോണ്‍ കോള്‍ വിവരങ്ങള്‍ ആരായുന്നത് നിരീക്ഷണമാണെന്ന ആക്ഷേപത്തിന് കാരണമാകുമെന്ന് പരാതിയില്‍ സിഒഎഐ പറയുന്നു. പ്രത്യേകിച്ച് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തന്ത്രപ്രധാനമായ ഓഫീസുകളും മന്ത്രിമാരുടേയും എംപിമാരുടേയും ജഡ്ജിമാരുടേയും ഭവനങ്ങളുമുള്ള അനവധി വിവിവിഐപി മേഖലകള്‍ ഉണ്ടെന്ന് പരാതി ചൂണ്ടിക്കാണിച്ചിരുന്നു.

5.3 കോടി ഉപഭോക്താക്കളുള്ള ഡല്‍ഹി സര്‍ക്കിളിലെ ഈ വര്‍ഷത്തെ ഫെബ്രുവരി 2, 3, 4 തിയതികളിലെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇക്കാലയളവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കൂടാതെ, ഫെബ്രുവരി ആറിനാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. രണ്ട് ദിവസങ്ങള്‍ക്കുശേഷം തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.

Read Also: പള്ളിയിൽ വരുന്നതിനു പകരം കുർബാന മാധ്യമങ്ങളിൽ കണ്ടാലും മതി; തൃശൂർ അതിരൂപതയുടെ സർക്കുലർ

പ്രകാശിന് ഇന്ത്യന്‍ എക്‌സ്പ്രസ് ഇമെയിലും എസ് എം എസ് സന്ദേശങ്ങള്‍ അയച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

ടെലികോം യൂണിറ്റുകള്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ആരാഞ്ഞതിനുള്ള കാരണമോ ഏത് വ്യക്തിയുടെ വിവരമാണോ വേണ്ടതെന്ന് പറഞ്ഞിട്ടില്ലെന്ന് സിഒഎഐ പരാതിയില്‍ പറയുന്നു. പകരം ഓരോ പ്രദേശത്തേയും ഫോണ്‍ ഉപയോഗ വിവരങ്ങളാണ് ടെലികോം വകുപ്പ് ചോദിച്ചിരിക്കുന്നത്.

ടെലികോം വകുപ്പും സേവനദാതാക്കളും തമ്മിലെ ലൈസന്‍സ് കരാറിലെ 39.20 വകുപ്പ് അനുസരിച്ച് കമ്പനികള്‍ ഫോണ്‍ കോള്‍ വിവരങ്ങളും ഐപിയുടെ വിശദ വിവരങ്ങളും ലൈസന്‍സ് നല്‍കിയിരിക്കുന്ന ടെലികോം വകുപ്പിന്റെ പരിശോധനയ്ക്കായി ഒരു വര്‍ഷത്തേക്ക് സൂക്ഷിക്കണം. ഈ വിവരങ്ങള്‍ക്കായി ടെലികോം കമ്പനികള്‍ക്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ലൈസന്‍സിലെ മറ്റൊരു നിബന്ധന അനുസരിച്ച് നിയമ പരിപാലന ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ പ്രത്യേക അപേക്ഷ പ്രകാരം ഈ വിവരങ്ങള്‍ നല്‍കണമെന്നുമുണ്ട്. ഇതിനായി പ്രത്യേക ചട്ടങ്ങളുമുണ്ട്.

2013-ല്‍ അന്നത്തെ രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്‌ലി അടക്കമുള്ള അനവധി രാഷ്ട്രീയക്കാരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

അതിന്‍പ്രകാരം, ടെലികോം സേവന ദാതാക്കളില്‍ നിന്നും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ ഇത്തരം വിവരങ്ങള്‍ ആരായുന്നതിനുള്ള അധികാരം പൊലീസ് സൂപ്രണ്ട് റാങ്കിന് മുകളിലെ ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമാക്കിയിരുന്നു. തങ്ങള്‍ക്കു ലഭിച്ച കോള്‍
വിവരങ്ങളെ കുറിച്ച് എല്ലാ മാസവും എസ് പിമാര്‍ ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്നതും നിര്‍ബന്ധമാക്കി.

എന്നാല്‍ ഇപ്പോള്‍ ടെലികോം വകുപ്പ് വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത് ഈ ചട്ടങ്ങള്‍ പാലിച്ചല്ല.

Read Also: Covid 19 Live Updates: ടേബിളുകൾ തമ്മിൽ നിശ്ചിത അകലം മതി, സംസ്ഥാനത്തെ ബാറുകൾ പൂട്ടില്ല

“ഇത് അസാധാരണമാണ്. ഒരിക്കല്‍ അവര്‍ക്ക് ഡാറ്റാ ബേസ് ലഭിച്ചാല്‍ അവര്‍ക്ക് ആര് ആരോട് സംസാരിച്ചുവെന്ന് അറിയാന്‍ സാധിക്കും. (ഫോണ്‍ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിന്) ഒരു കാരണം ഉറപ്പായും ഉണ്ടാകണം. അതില്ലാതെ, ഇത് ഒരു ഏകപക്ഷീയമായ നടപടിയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണ്,” ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഒരു മുന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

“അവര്‍ ഒരു പ്രത്യേക വ്യക്തിയുടെ മാത്രം വിവരമല്ല ആവശ്യപ്പെടുന്നത്. ഒരു മേഖലയില്‍ ആ ദിവസത്തെ എല്ലാവരുടേയും വിവരങ്ങള്‍ നല്‍കാനാണ് അവര്‍ പറയുന്നത്. ഇത് സാധാരണയുള്ള പ്രവര്‍ത്തന രീതിയുടെ നഗ്നമായ ലംഘനമാണ്. ഏതെങ്കിലുമൊരാളുടെ വിവരമെടുക്കുന്നതിന് അവര്‍ക്കൊരു കാരണം വേണം,” മുതിര്‍ന്ന ടെലികോം കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു. സര്‍ക്കാരിന്റെ ആവശ്യം സേവനദാതാക്കള്‍ പാലിക്കണമോയെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വേറെ വഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോള്‍-ഡ്രോപ് ആകുന്ന സാഹചര്യം വിലയിരുത്തുന്നതിനാകാം ടെലികോം വകുപ്പ് ഈ വിവരങ്ങള്‍ ആരാഞ്ഞതെന്ന് മറ്റു ചില എക്‌സിക്യൂട്ടീവുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ടെലികോം റെഗുലേറ്ററിന് നിയന്ത്രിക്കാവുന്ന ഒന്നാണ് കോള്‍-ഡ്രോപ് പ്രശ്‌നമെന്നും ഫോണ്‍ കോള്‍ വിവരങ്ങള്‍ ടെലികോം സേവനങ്ങളുടെ മോശം നിലവാരത്തിന്റെ ഒരു പൂര്‍ണചിത്രം ലഭിക്കുകയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോദിക്കാന്‍ അതാണ് കാരണമെങ്കില്‍ അവരത് ടെലികോം സേവനദാതാവിനെ അറിയിക്കണമെന്ന് ഒരു എക്‌സിക്യൂട്ടീവ് പറഞ്ഞു.

മാസാടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന്‌ പ്രകാശിന് സമര്‍പ്പിച്ച പരാതിയില്‍ സിഒഎഐ പറയുന്നു. എല്ലാ മാസവും 1,5 തിയതികളില്‍ ആന്ധ്രാപ്രദേശ്, 18-ന് ഡല്‍ഹി, 21-ന് ഹരിയാന, മാസത്തെ അവസാന ദിവസം ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, 15-ന് കേരളം, ഒഡീഷ, ഒന്നിനും അവസാന തിയതിക്കും മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കണം.

ഇത് കൂടാതെ ഡല്‍ഹി സര്‍ക്കിളില്‍ ഫെബ്രുവരി 2,3,4 തിയതികളിലെ വിവരങ്ങളും വകുപ്പ് ചോദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Union government sought call data records from telecom companies