നിലവിലുള്ള വായ്പാ കാലാവധി മൊറോട്ടോറിയത്തോടെയോ അല്ലാതായോ രണ്ടുവര്‍ഷം വരെ നീട്ടാന്‍ ബാങ്കുകള്‍ക്ക് അധികാരം ഉണ്ടാകുമെന്ന് കേന്ദ്രം. വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇളവുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും കൂട്ടുപലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോവിഡിനെത്തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയില്‍ തുടരില്ലെന്ന് കേന്ദ്രം അറിയിച്ചു.
ഓരോ വായ്പക്കാരന്റെയും സാഹചര്യം പരിശോധിച്ച് ബാങ്കുകളാകും ഇളവ് തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളും ആര്‍ബിഐയുമായി ചര്‍ച്ച നടത്തി തീരുമാനത്തിൽ എത്തേണ്ടതുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനമെടുക്കാൻ സാധിക്കുന്ന വിഷയമല്ല ഇതെന്നും സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത വാദിച്ചു. ഓഗസ്റ്റ് ആറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാകും വായ്പാ ഇളവുകളെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മൊറോട്ടോറിയം നീട്ടാനാകില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ സുപ്രീം കോടതിയില്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കേസിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റുകയും ചെയ്തു.
മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പക്കാർക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് വരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസത്തേക്കായിരുന്നു മൊറട്ടോറിയം. വായ്പ തിരിച്ചടവ് നിർത്തിവയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ മുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും.