/indian-express-malayalam/media/media_files/uploads/2017/03/arun-jaitley1.jpg)
ന്യൂഡൽഹി: വടക്കു കിഴക്കൻ അതിർത്തി പ്രദേശത്തെ തർക്കവുമായി ബന്ധപ്പെട്ട് ചൈന ഉയർത്തുന്ന ഭീഷണികൾ വിലപ്പോകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. ഭൂട്ടാൻ അതിർത്തിയിലെ പീഠഭൂമിയോട് ചേർന്ന് ചൈന നിർമ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്.
1962 ലെ ഇന്ത്യ -ചൈന യുദ്ധ ചരിത്രം ഓർമ്മപ്പെടുത്തിയ ചൈനയെ അതേഭാഷയിൽ തിരിച്ചടിച്ചാണ് അരുൺ ജയ്റ്റ്ലി മറുപടി പറഞ്ഞത്. "ചരിത്രം ഓർമ്മിപ്പിക്കാനാണ് ചൈനയുടെ ശ്രമമെങ്കിൽ ഒരു കാര്യം അങ്ങോട്ട് പറയാം. 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ. ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. സമ്മർദ്ദങ്ങളൊന്നും വിലപ്പോകില്ല" അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
ന്യൂഡൽഹിയിൽ മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നാതുല പാസ് വഴി കൈലാസ് മാനസ സരോവരിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകരെ മടക്കി അയച്ച ചൈന ഇന്ത്യയെ കുറ്റപ്പെടുത്തിയാണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ചൈനയെ ആക്രമിച്ചെന്നായിരുന്നു ആരോപണം. അതേസമയം സിക്കിം അതിർത്തിയിൽ രണ്ട് ഇന്ത്യൻ ബങ്കറുകൾ തകർന്നിട്ടുണ്ട്.
ഇന്നലെയാണ് ഇന്ത്യ ചരിത്രത്തിൽ നിന്ന് പഠിക്കണമെന്ന പ്രസ്താവന ചൈനീസ് സൈനിക വക്താവായ കേണൽ വു ക്വാൻ പറഞ്ഞത്. സിക്കിമിൽ അതിർത്തി കടന്ന് ആക്രമിച്ചുവെന്ന് ആരോപിച്ച് ചൈന ഡൽഹിയിലും ബീജിങ്ങിലും നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ പരോക്ഷമായി പരാമർശിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു ചൈന. ഭൂട്ടാനുമായി ഇന്ത്യയുടെ സൈനിക സഹകരണവും, അമേരിക്കയുമായുള്ള ഇന്ത്യയുടെ ചങ്ങാത്തവും ചൈനയ്ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
'ഭൂട്ടാൻ അതിർത്തിയിലേക്ക് ചൈന അതിക്രമിച്ച് കടന്നതായി ഭൂട്ടാൻ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ഭൂട്ടാന് സൈനിക സുരക്ഷ നൽകണമെന്നത് നേരത്തേ ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടതാണ്. എന്നാൽ ഇവിടുത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചൈനയുടെ ശ്രമം. മറ്റു രാജ്യങ്ങളുടെ ഭൂമി കയ്യേറുകയാണ് ചൈന"യെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.