ന്യൂഡൽഹി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഏർപ്പെടുത്താനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ. ഈ നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്രം ബാങ്ക് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. എടിഎം പണമിടപാടുകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തിയ ഇതര ബാങ്കുകളോട് ഇത് പിൻവലിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് വർഷം മുൻപ് സേവിംഗ്സ്  ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി എസ്ബിഐ എടുത്തു കളഞ്ഞിരുന്നു. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് വീണ്ടും ഏർപ്പെടുത്താനാണ് എസ്ബിഐ തീരുമാനം. മെട്രോ നഗരങ്ങളിൽ 5000, നഗരങ്ങളിൽ 3000 അർദ്ധ നഗരങ്ങളിൽ 2000 ഗ്രാമങ്ങളിൽ 1000 എന്നിങ്ങനെയാണ് മിനിമം ബാലൻസ് പരിധി നിശ്ചയിച്ചിരുന്നത്. തുക ഇതിൽ കുറവായാൽ ആനുപാതികമായി പിഴ ചുമത്താനായിരുന്നു ബാങ്ക് മാനേജ്മെന്റിന്റെ തീരുമാനം.

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള പരിധി കഴിഞ്ഞാൽ പിന്നീട് ഓരോ ഇടപാടിനും നിശ്ചിത ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം ഈ മാസം ഒന്ന് മുതലാണ് ബാങ്കുകൾ നടപ്പിലാക്കിയത്. എടിഎം ഇതര ബാങ്ക് ഇടപാടുകൾക്ക് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ ആക്സിസ് ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവർ അധികഫീസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് മുകളിലും നികുതിയും സെസും ഉൾപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ