ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ആരോഗ്യമന്ത്രി ഹർഷ് വർധനും വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലും ഉൾപ്പെടെ 12 മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജി സമർപ്പിച്ചത്. ഇന്ത്യയിലെ കൊറോണ വൈറസ് പ്രതിസന്ധി കാലത്ത് ആരോഗ്യമന്ത്രാലയത്തിന് നേതൃത്വം നൽകിയ മന്ത്രിയാണ് ഹർഷ് വർധൻ.
കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചിറങ്ങുന്ന ഉന്നതരിൽ പുതിയ ഐടി നിയമങ്ങളെച്ചൊല്ലി ട്വിറ്ററുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന നിയമ, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടുന്നു.
എൻഡിഎ ഭരണത്തിൻ കീഴിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നയാളും സർക്കാർ വക്താവുമായിരുന്ന പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും രാജിവച്ചവരിൽ ഉൾപ്പെടുന്നു.
Read More: മന്ത്രിസഭ ‘മോഡിഫൈ’ ചെയ്ത് പ്രധാനമന്ത്രി; 43 പുതിയ മന്ത്രിമാർ
സർക്കാരിലെ പ്രമുഖ ദലിത് മുഖമായ തവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറായി ചൊവ്വാഴ്ച നിയമിക്കുകയും കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി സ്ഥാനം അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹ മന്ത്രി ബാബുൽ സുപ്രിയോ താൻ രാജിവച്ചതായി പ്രഖ്യാപിച്ചു. “അതെ, ഞാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു !! (ഞാൻ നേരത്തെ ഇത് പറഞ്ഞപോലെ, “രാജിവയ്ക്കാൻ ആവശ്യപ്പെട്ടു” എന്നത് ശരിയായ പ്രയോഗമായിരിക്കില്ല) ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ എന്റെ രാജ്യത്തെ സേവിക്കാനുള്ള പദവി നൽകിയതിന് ഞാൻ നന്ദി പറയുന്നു, ”അദ്ദേഹം പറഞ്ഞു.
Read More: കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി; ആരാണ് രാജീവ് ചന്ദ്രശേഖർ?
രാസവസ്തു, രാസവള മന്ത്രി ഡി വി സദാനന്ദ ഗൗഡ, തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ, സഹമന്ത്രിമാരായ ധോത്ര സഞ്ജയ് ഷംറാവു, രത്തൻ ലാൽ കടാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി എന്നിവരും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉടൻ തന്നെ ഈ മന്ത്രിമാരുടെ രാജി സ്വീകരിച്ചതായാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നത്.