scorecardresearch
Latest News

ചൈന അതിര്‍ത്തിയിലേക്ക് 9,000 ഐ ടി ബി പി ജവാന്മാര്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

പുതിയ തീരുമാനത്തോടെ ഐ ടി ബി പിയ്ക്കു ഏഴ് പുതിയ ബറ്റാലിയനുകളും ഒരു സെക്ടര്‍ ആസ്ഥാനവും കൂടി നിലവില്‍ വരും

ITBP, india china border, line of actual control, ladakh

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിയില്‍ സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ ടി ബി പി) സേനയില്‍ 9,000 ജവാന്മാരെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍ എ സി)യ്ക്കു സമീപം ചൈന ധാരാളം സൈനികരെ നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

പുതിയ തീരുമാനത്തോടെ ഐ ടി ബി പിയ്ക്കു ഏഴ് പുതിയ ബറ്റാലിയനുകളും ഒരു സെക്ടര്‍ ആസ്ഥാനവും കൂടി നിലവില്‍ വരും.

കുറച്ചു വര്‍ഷങ്ങളായി കിഴക്കന്‍ ലഡാക്കിലും അരുണാചല്‍ പ്രദേശിലും ഇന്ത്യ-ചൈന സേനകള്‍ ഒന്നിലധികം തവണ ഏറ്റുമുട്ടിയ നിയന്ത്രണരേഖയിലെ സുരക്ഷാ ഗ്രിഡ് പുതിയ നീക്കം ശക്തിപ്പെടുത്തുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ചൈന അതിര്‍ത്തിയിലെ ആദ്യ പ്രതിരോധ നിരയാണ് ഐ ടി ബി പി. ദെപ്സാങ് സമതലങ്ങളിലെയും ലഡാക്കിലെ ചാര്‍ഡിങ് നല്ല മേഖലകളിലെയും പരമ്പരാഗത പട്രോളിങ് പോയിന്റുകളിലേക്ക് ഇന്ത്യന്‍ സേനയ്ക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.

”ഇത് ഐ ടി ബി പിയുടെ 2013-14 മുതലുള്ള നിര്‍ദേശമണ്. 12 പുതിയ ബറ്റാലിയനുകള്‍ രൂപീകരിക്കാനാണ് ആദ്യം വിഭാവനം ചെയ്തിരുന്നത്. നിലവിലത് ഏഴായി കുറച്ചിരിക്കുകയാണ്. നിയന്ത്രണ രേഖയില്‍ ഔട്ട്പോസ്റ്റുകളുടെയും സ്റ്റേജിങ് ക്യാമ്പുകളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണു പുതിയ നീക്കം,” ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്സി മേഖലയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിനു മുമ്പും ശേഷവും കരസേനാ മേധാവി മനോജ് പാണ്ഡെ പലതവണ ആവര്‍ത്തിച്ചത് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതി സുസ്ഥിരമാണെങ്കിലും പ്രവചനാതീതമാണെന്നാണ്.

2020 ഏപ്രില്‍ മുതല്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനകള്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്. 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്നു നടന്ന നയതന്ത്ര, സൈനിക തല ചര്‍ച്ചകളിലെ തീരുമാനത്തെത്തുടര്‍ന്നു ലഡാക്കിലെ ഏഴ് സംഘര്‍ഷ പോയിന്റുകളില്‍ അഞ്ചില്‍നിന്നും ഇരു സൈന്യങ്ങളെയും പിന്‍വലിച്ചിരുന്നു. എങ്കിലും ഇരുപക്ഷവും മേഖലയില്‍ വലിയതോല്‍ സൈനികരെ നിലനിര്‍ത്തുന്നതു തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍, ഇരു സൈന്യവും പിന്മാറിയെങ്കിലും ലഡാക്കില്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കുന്ന ഒന്നും കാണാനില്ലെന്ന് പാണ്ഡെ സൂചിപ്പിച്ചിരുന്നു. ”ചൈനീസ് സേനയുടെ നിലയെ സംബന്ധിച്ചിടത്തോളം, കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല,” അദ്ദേഹം പറഞ്ഞു.

ലഡാക്കില്‍ നിയന്ത്രണരേഖയിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തില്‍ ഇന്ത്യയ്ക്കു പ്രവേശനം നഷ്ടപ്പെട്ടതായി അടുത്തിടെ നടന്ന ഡി ജി പിമാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത സമ്മേളനത്തിലാണ് ഈ പ്രബന്ധം അവതരിപ്പിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Union cabinet battalions personnel sino india lac itbp