ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണത്തിനും സിഗരറ്റിനും വില കൂടും. സിഗരറ്റിന്റെ നികുതി 16 ശതമാനം വര്‍ധിപ്പിച്ചു. സ്വര്‍ണക്കട്ടികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ആഭരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും ബജറ്റ് പ്രഖ്യാപനത്തില്‍ കൂട്ടി. അതേസമയം, ചെമ്മീന്‍ തീറ്റയുടെ കസ്റ്റംസ് തീരുവ കുറയ്ക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.
മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള ചില വസ്തുക്കളുടെ ഇറക്കുമതിയ്ക്കുള്ള കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചു. ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 2.5 ശതമാനമായും കുറച്ചു. എന്നാല്‍ അടുക്കള ഇലക്ട്രിക് ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
വില കൂടുന്നവ
- സിഗരറ്റിന്റെ നികുതി 16 ശതമാനം വര്‍ധിപ്പിച്ചു
- കോമ്പൗണ്ടഡ് റബറിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തി
- സ്വര്‍ണക്കട്ടികളില്‍നിന്ന് നിര്‍മിച്ച ആഭരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു
- ഇലക്ട്രിക് ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചു
- വെള്ളി, വസ്ത്രം, സിഗരറ്റ്, കുട എന്നിവയുടെ വിലയും വര്‍ധിക്കും
വില കുറയുന്നവ
- ടിവി പാനല്‍ ഓപ്പണ്‍ സെല്‍ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു
- മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള ചില ഘടകങ്ങളുടെ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കുറയ്ക്കും
- ലാബില്‍ വികസിപ്പിച്ച വജ്രങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിത്തുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്ക്കും
- കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്മീന്‍ തീറ്റയുടെ കസ്റ്റംസ് തീരുവ കുറയ്ക്കും
- കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, കാമറ ലെന്‍സ്, ഹീറ്റ് കോയില്‍, സ്മാര്‍ട് മീറ്റര്‍, സ്മാര്‍ട്ട് വാച്ച്, മെഥനോള്‍ തുടങ്ങിവയ്ക്കും വില കുറയും