ന്യൂഡല്‍ഹി: വികസിത ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരും ഇടത്തരക്കാരും കർഷകരും ഉൾപ്പെടെയുള്ള സമൂഹത്തിന്റെ സ്വപ്നങ്ങൾ ബജറ്റ് നിറവേറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സ്ത്രീശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. “ഗ്രാമീണ നഗര പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വനിതാ സ്വയം സഹായ സംഘങ്ങൾ അവരെ കൂടുതൽ ശക്തിപ്പെടുത്തു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി പ്രത്യേക സമ്പാദ്യ പദ്ധതി ആരംഭിക്കും,” പ്രധാനമന്ത്രി പറഞ്ഞു.
ബജറ്റ് ജനവിരുദ്ധമാണെന്നും 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനങ്ങളെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇന്ത്യയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ ബജറ്റിന് സാധിച്ചിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.
എന്നാല്‍ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നടത്തിയത്. പണപ്പെരുപ്പത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒന്നും ബജറ്റിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ ബജറ്റ് പണപ്പെരുപ്പം കൂട്ടും. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ കൃത്യമായ പദ്ധതിയില്ല. വിദ്യാഭ്യാസത്തിന്റെ മുന്‍ഗണന 2.64 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചത് ദൗർഭാഗ്യകരമാണ്. ആരോഗ്യ മേഖലയുടെ പ്രാധാന്യവും കുറച്ചു,” കേജ്രിവാള്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിനെ മിഡില്‍ ക്ലാസ് ബൊണാന്‍സ ബജറ്റെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. എല്ലാ വിഭാഗങ്ങള്‍ക്കും ബജറ്റില്‍ എന്തെങ്കിലുമൊക്കെ കാത്തുവച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ് സി, എസ് ടി, ഒ ബി സി, സ്ത്രീകള്‍, മുതിര്‍ന്നവര്‍ തുടങ്ങിയ വിഭാഗങ്ങളേയും പരിഗണിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
കഴിഞ്ഞ 8-9 വർഷമായി കേന്ദ്ര ബജറ്റിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു . “നികുതി വർധിച്ചു, ക്ഷേമ പദ്ധതികൾക്കും സബ്‌സിഡികൾക്കും പണം ചെലവഴിക്കുന്നില്ല,” മെഹബൂബ ചൂണ്ടിക്കാട്ടി. ചില മുതലാളിമാർക്കും വൻകിട ബിസിനസുകാർക്കും വേണ്ടി നികുതി പിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബജറ്റ് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി കുറ്റപ്പെടുത്തി. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് നിരാശപ്പെടുത്തിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും പറഞ്ഞു. ന്യൂനപക്ഷങ്ങളോട് ബജറ്റിന് മൗനം മാത്രമാണെന്നും എം പി പറഞ്ഞു.
ബജറ്റില്‍ ചില നല്ല കാര്യങ്ങളുണ്ടെന്ന് ശശി തരൂര്‍ എംപി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.