ന്യൂഡല്‍ഹി: രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും സ്ഥാപിക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. 157 പുതിയ നഴ്സിങ് കോളജുകള്‍ സ്ഥാപിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.
2015 മുതല്‍ സ്ഥാപിതമായ മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്നാണു പുതിയ നഴ്സിങ് കോളജുകള്‍ പ്രാവര്‍ത്തികമാക്കുക. 2047 ഓടെ അരിവാള്‍ രോഗം ഇല്ലാതാക്കും. തിരഞ്ഞെടുത്ത ഐസിഎംആര്‍ ലാബുകളിലെ സൗകര്യങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളുടെ ഗവേഷണത്തിനായി ലഭ്യമാക്കും. ഔഷധമേഖലയില്‍ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പരിപാടി സെന്റര്‍ ഓഫ് എക്സലന്‍സ് ഏറ്റെടുക്കും.
ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കും. 38,800 അധ്യാപകരെ നിയമിക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനു മൂന്നു വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും.
പി എം ഗരീബ് കല്യാണ്‍ അന്ന യോജന ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരും. എല്ലാ അന്ത്യോദയ, മുന്‍ഗണനാ കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കോവിഡ് കാലത്ത്, 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതായി ധനമന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി ഭൂമിശാസ്ത്രം, ഭാഷകള്‍ എന്നിവയിലുടനീളം ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനു ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. അവര്‍ക്കായി ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. കൂടാതെ, വായനയുടെ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും പകര്‍ച്ചവ്യാധിസമയത്തെ പഠന നഷ്ടം നികത്തുന്നതിനും, നാഷണല്‍ ബുക്ക് ട്രസ്റ്റും ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും മറ്റ് സ്രോതസ്സുകളും പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും പാഠ്യേതര തലക്കെട്ടുകള്‍ നല്‍കാന്‍ പ്രോത്സാഹിപ്പിക്കും. ലൈബ്രറികള്‍. എന്‍ജിഒകളുമായുള്ള സഹകരണവും ഈ സംരംഭത്തിന്റെ ഭാഗമാകും.
മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷന്‍ മോഡില്‍ ഏറ്റെടുക്കും.
റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ രൂപ അനുവദിക്കും. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കും. ഇതിനായി 2,516 കോടി രൂപ വകയിരുത്തി.
എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനം, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, യുവശക്തി, ഊര്‍ജ സംരക്ഷണം, ഊര്‍ജമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ എന്നിങ്ങനെ ഏഴ് മുന്‍ഗണനാ വിഷയങ്ങളിലൂന്നിയുള്ളതാണു ബജറ്റ്.