ന്യൂഡല്‍ഹി: ആദായനികുതി പുതിയ സ്‌കീമില്‍ ഇളവ് പരിധി ഉയര്‍ത്തി ബജറ്റ് പ്രഖ്യാപനം. ഏഴു ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ ഇനി ആദായ നികുതി നല്‍കേണ്ടതില്ല. നേരത്തെ അഞ്ചു ലക്ഷമായിരുന്നു നികുതി ഇളവ് പരിധി. പുതിയ സ്കീം സ്ഥിരം സ്ഥിതി(ഡിഫോള്‍ട്ട്)യായിരിക്കും.
പുതിയ സ്‌കീമിന്റെ സ്‌ളാബുകള്‍ അഞ്ചായി കുറച്ചു. നേരെത്ത രണ്ടര ലക്ഷം മുതലുള്ള ആറ് സ്ലാബുകളാണുണ്ടായിരുന്നത്. ഇനി മുതല്‍ മൂന്നു ലക്ഷം രൂപ വരെ നികുതിയില്ല.
മൂന്ന് ലക്ഷത്തി മുകളില്‍ ആറു ലക്ഷം വരെ അഞ്ചു ശതമാനമാണു നികുതി. ആറ് ലക്ഷത്തിനു മുകളില്‍ ഒന്‍പതു ലക്ഷം വരെ 10 ശതമാനം, ഒന്‍പതിനു മുകളില്‍ 12 ലക്ഷം വരെ 15 ശതമാനം, 12നു മുകളില്‍ 15 ലക്ഷം വരെ 20 ശതമാനം. 15 ലക്ഷത്തിനു മുകളി 30 ശതമാനവുമാണു നികുതി.

നിലവില്‍, 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള മൊത്തം വരുമാനത്തിന് അഞ്ചു ശതമാനമാണു നികുതി. അഞ്ചു ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം, 7.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 15 ശതമാനം, 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനം, 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം, 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനം എന്നിങ്ങനെയുമാണു നികുതി.
പുതിയ വ്യവസ്ഥയില്‍ നികുതിദായകര്‍ക്ക് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കും. നിക്ഷേപങ്ങള്‍ക്കുമേല്‍ കിഴിവുകളോ ഇളവുകളോ ലഭിക്കില്ല. പുതിയ നികുതി വ്യവസ്ഥയില്‍ ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറയ്ക്കും.
പുതിയ നികുതി വ്യവസ്ഥ പ്രകാരം, ഇടത്തരം വരുമാന വിഭാഗത്തിന് ആശ്വാസം നല്‍കുന്നതിലൂടെ അറ്റ നികുതി വരുമാനത്തിന്റെ 35,000 കോടി രൂപ രാജ്യത്തിനു നഷ്ടമാകുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ”ഏകദേശം 38,000 കോടി രൂപയുടെ വരുമാനത്തില്‍ പ്രത്യക്ഷ നികുതിയിനത്തില്‍ 37,000 കോടിയും പരോക്ഷനികുതിയായി 1,000 കോടിയും നഷ്ടമാവും. അതേസമയം ഏകദേശം 3,000 കോടി രൂപയുടെ വരുമാനം അധികമായി സമാഹരിക്കും. അങ്ങനെ, മൊത്തം പ്രതിവര്‍ഷ വരുമാനം ഏകദേശം 35,000 കോടി രൂപയാണ്,”അവര്‍ പറഞ്ഞു.
ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സ്ലാബുകള്‍ പുതിയ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അതേസയം, പഴയ സ്‌കീമിന്റെ സ്‌ളാബുകളില്‍ മാറ്റമില്ല. പഴയ സ്‌കീമിലുള്ളവര്‍ക്കു മൂന്നു ലക്ഷമാണു നികുതി ഇളവ് പരിധി.
മറ്റു ബജറ്റ് പ്രഖ്യാപനങ്ങള്‍:
എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഒറ്റ തിരിച്ചറിയല്‍ രേഖയായി മാറ്റുമെന്നു ധനമന്ത്രി പറഞ്ഞു. സവിശേഷമായ തിരിച്ചറിയന്‍ പാന്‍ ഉപയോഗിച്ച് പൊതുവായ വിവരങ്ങളും രേഖകളും ബന്ധപ്പെട്ട സംവിധാനങ്ങളിലുടനീളം സ്വയമേവ ലഭ്യമാകും. കേന്ദ്ര-സംസ്ഥാന തല വകുപ്പുകളിലെ സംയോജിത സംവിധാനം രേഖകള്‍ വീണ്ടും സമര്‍പ്പിക്കുന്നതില്‍നിന്ന് ഉപഭോക്താവിന് ആശ്വാസം നല്‍കും. രേഖകളുടെ ആധികാരികത ഉറപ്പാക്കി അപേക്ഷയിന്മേലുള്ള നടപടി വേഗത്തിലാക്കുന്നതിനു സഹായിക്കും.
നിര്‍മിതബുദ്ധി സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിനായി മൂന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി വിവിധ എന്‍ജിനീയറിങ് കോളജുകളിലായി നൂറ് 5ജി ലാബുകള്‍ ആരംഭിക്കും.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 സര്‍ക്കാര്‍ ആരംഭിക്കും. രാജ്യാന്തര അവസരങ്ങള്‍ക്കായി യുവാക്കളെ സജ്ജമാക്കുന്നതിനു വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും. പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി കോടി നീക്കിച്ചു. അടങ്കല്‍ 66 ശതമാനം വര്‍ധിപ്പിച്ചു. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15,000 കോടി രൂപയും പ്രഖ്യാപിച്ചു.
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കുള്ള പരിധി 15 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി. മഹിളാ സമ്മാന്‍ സേവിങ്‌സ് പത്ര എന്ന പേരിലാണു പ്രത്യേക നിക്ഷേപ പദ്ധതി വരിക. രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന പദ്ധതിയില്‍ രണ്ടു വര്‍ഷ കാലയളവില്‍ 7.5 ശതമാനം പലിശ ലഭ്യമാക്കും.
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ 21ല്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും. പുതുക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 9,000 കോടി രൂപ കോര്‍പ്പസില്‍ നിക്ഷേപിക്കും. ഇത് എം എസ് എം ഇകള്‍ക്കു രണ്ടു ലക്ഷം കോടി രൂപയുടെ അധിക ഈട് രഹിത വായ്പ ലഭ്യമാക്കും.
2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് നടപ്പാക്കും. മത്സ്യമേഖലയ്ക്ക് 6,000 കോടിയും പ്രഖ്യാപിച്ചു. ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ നീക്കിവച്ചു.
50 ഇടങ്ങളില്‍ ‘ദേഖോ അപ്നാ ദേശ്’ എന്ന പേരില്‍ പ്രത്യേക വിനോദസഞ്ചാര വികസന പദ്ധതി നടപ്പാക്കും. അഴുക്കുചാല്‍ വൃത്തിയാക്കാന്‍ എല്ലാ നഗരങ്ങളിലും ആധുനിക യന്ത്രി സംവിധാനം നടപ്പാക്കും. നഗരവികസനത്തിനു പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട് പ്രഖ്യാപിച്ചു.
10,000 കോടി രൂപയുടെ ഗോബര്‍ധന്‍ പദ്ധതിയില്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. ഇവയില്‍ 75 എണ്ണം നഗരങ്ങളിലായിരിക്കും. 300 ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും.
മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വര്‍ഷം കൂടി തുടരും. ടിവി പാനല്‍ ഘടകങ്ങള്‍ക്കും കസ്റ്റംസ് തീരുവയിളവ് പ്രഖ്യാപച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, എഥനോള്‍, ഇലക്ട്രിക് ചിമ്മിനി, ലിഥിയം അയണ്‍ ബാറ്ററി, ഹീറ്റ് കോയില്‍ തുടങ്ങിയവയുടെ വില കുറയും.