ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അവസാന ബജറ്റിൽ ആദായ നികുതിയിൽ വൻ ഇളവ്. ആദായ നികുതി പരിധി 5 ലക്ഷമാക്കി ഉയർത്തി. രണ്ടര ലക്ഷത്തിൽ നിന്നാണ് 5 ലക്ഷമാക്കി ഉയർത്തിയത്. ഇതനുസരിച്ച് വാർഷിക വരുമാനം 5 ലക്ഷം വരെയുള്ളവർക്ക് ആദായ നികുതി ഇല്ല. അതേസമയം, ഈ വർഷം നിലവിലെ പരിധി തുടരും.

ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യവർഷമായിരുന്നു ആദായ നികുതി 2 ലക്ഷത്തിൽനിന്നും 2.5 ലക്ഷമാക്കി ഉയർത്തിയത്. കഴിഞ്ഞ 5 വർഷവും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ഇളവുകൾ ഉള്ള നിക്ഷേപങ്ങൾക്ക് ആറര ലക്ഷം വരെ ആദായ നികുതി ഇല്ല. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. ഇത്തവണ ഒന്നര ലക്ഷം കൂടി ഉയർത്തി ആറര ലക്ഷമാക്കി. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000 ത്തിൽനിന്ന് 50,000 രൂപയാക്കി.

Read Budget Highlights

ക്യാപിറ്റൽ ഗെയിൻസ് നികുതി ഇനത്തിലും ഇളവുണ്ട്. നേരത്തെ വീടോ സ്വത്തോ വിറ്റു കിട്ടുന്ന വരുമാനം മറ്റൊരു വീടിനുവേണ്ടി നിക്ഷേപിക്കുകയാണെങ്കിൽ ക്യാപിറ്റൽ ഗെയിൻസ് നികുതി നൽകേണ്ടതില്ലായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ നിക്ഷേപം നടത്തണമെന്നായിരുന്നു ചട്ടം. എന്നാൽ രണ്ടു വീടുകൾ വരെ വാങ്ങാമെന്നാണ് ബജറ്റിലൂടെയുള്ള പുതിയ പ്രഖ്യാപനം. ഇത്തരത്തിൽ രണ്ടു കോടി വരെ നിക്ഷേപം നടത്തുന്നവർക്ക് നികുതി നൽകേണ്ടതില്ല.

ടിഡിഎസിലും ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ബാങ്കിലോ പോസ്റ്റ് ഓഫിസിലോ ഉള്ള സ്ഥിരം നിക്ഷേപങ്ങൾക്ക് 10,000 രൂപ വരെ പലിശ കിട്ടിയാൽ ടിഡിഎസ് പിടിക്കേണ്ടതില്ലെന്നാണ് നിലവിലെ നിയമം. ഇത് 10,000 ൽനിന്നും 40,000 രൂപയാക്കി ഉയർത്തി. വാടകയ്ക്ക് 2.4 ലക്ഷം രൂപവരെ ടിഡിഎസ് ഇല്ല. നേരത്തെ 1,8000 രൂപയായിരുന്നു പരിധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook