പട്ന: ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവ് പാര്‍ട്ടി അംഗത്വം രാജിവച്ചു. മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ ഉദയ് സിങ്ങാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ സംസ്ഥാനത്തെ ബിജെപി ഘടകം കീഴടങ്ങുകയാണ് എന്നാരോപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

തന്റെ മണ്ഡലത്തിലെ വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് ഉദയ് സിങ് പറഞ്ഞു. ബിഹാറിലെ പുര്‍നേ മണ്ഡലത്തില്‍ നിന്ന് രണ്ടു വട്ടം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഉദയ് സിങ്. 2014 ല്‍ ജെഡിയുവിന്റെ സന്തോഷ് കുശ്വാഹയോട് തോറ്റാണ് ഉദയ് സിങ്ങിന് എംപി സ്ഥാനം നഷ്ടമായത്. അദ്ദേഹം പാര്‍ട്ടി വിട്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

നിതീഷിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് നല്‍കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനസമ്മിതി ദിനംപ്രതി കുറയുകയാണ്. സര്‍ക്കാരിന്റെ മോശം പ്രവൃത്തി ബിജെപിക്കുകൂടി മങ്ങലേല്‍പിക്കുന്നുണ്ട്- ഉദയ് കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി നരേന്ദ്ര മോദിയെക്കാള്‍ വര്‍ധിച്ചെന്നും ഉദയ് പറഞ്ഞു. ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷമില്ലാതെ ജനാധിപത്യത്തിന് അതിജീവിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഭാവി കാര്യങ്ങള്‍ എന്തെന്ന് വ്യക്തമാക്കാന്‍ ഉദയ് സിങ് തയ്യാറായില്ല. ബിഹാറില്‍ ഇത്തവണ 17 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപിയ്ക്ക് ആറ് സീറ്റാണ് മാറ്റിവച്ചിരിക്കുന്നത്. പുര്‍നേ മണ്ഡലത്തില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു ആണ് മത്സരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook