scorecardresearch

കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജ്യത്ത് 45 വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന തൊഴിലില്ലായ്മ

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് പൂഴ്ത്തിവയ്ക്കുകയായിരുന്നു

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് പൂഴ്ത്തിവയ്ക്കുകയായിരുന്നു

author-image
WebDesk
New Update
unemployment

ന്യൂഡല്‍ഹി: കഴിഞ്ഞ 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയാണ് നിലവില്‍ രാജ്യം കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ 2017-18 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisment

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്ന് രാജിവച്ച രണ്ട് സ്വതന്ത്ര അംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന തീരുമാനം പൂര്‍ണമായും സര്‍ക്കാരിന്റേതായിരിക്കും എന്ന് അംഗങ്ങളെ നേരത്തേ അറിയിച്ചിരുന്നതായി ഗവണ്‍മെന്റ് വിശദീകരിക്കുന്നു. അത് എപ്പോള്‍ പുറത്തു വിടണം എന്ന കാര്യം തങ്ങള്‍ തീരുമാനിക്കും എന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് ഒരുദിവസം മുമ്പാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കാനിരിക്കെ പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധം കൂടിയാണ് റിപ്പോര്‍ട്ട്. പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം 1972-73 കാലഘട്ടത്തിന് ശേഷം ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത് ഇപ്പോഴാണ്. 2011-12 കാലയളവില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവുമധികമുള്ളത്. 7.8 ശതമാനമാണിത്. ഗ്രാമീണ മേഖലയില്‍ ഇതിന്റെ നിരക്ക് 5.3 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴിലാളികള്‍ ജോലിയില്‍ നിന്നും പിന്‍മാറുന്നുവെന്നും പ്രാതിനിധ്യം വളരെ കുറയുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

Advertisment

കേന്ദ്ര സര്‍ക്കാരിന്റെ 2016ലെ നോട്ട് നിരോധനത്തിന് ശേഷം ആദ്യമായി പുറത്തുവരുന്ന ആദ്യ തൊഴില്‍ റിപ്പോര്‍ട്ടാണിത്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി.സി.മോഹനന്‍, അംഗം ജെ.വി.മീനാക്ഷി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.

Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: