വാഷിംഗ്ടൺ: അമേരിക്കന്‍ ആരോഗ്യ- മാനവവിഭവ വകുപ്പ് സെക്രട്ടറി ടോം പ്രൈസ് രാജിവച്ചു. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വിമാനം വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി.
പ്രൈസിനെതിരായ ആരോപണത്തില്‍ താന്‍ നിരാശനാണെന്നും സന്തുഷ്ടനല്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. അദ്ദേഹം രാജി സമര്‍പ്പിച്ചതായും പ്രസിഡന്റ് സ്വീകരിച്ചതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ഡോൺ ജെ. റൈറ്റിനെ താത്കാലിക ആരോഗ്യ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് മുതൽ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ടോം പ്രൈസ് 26 തവണ സ്വകാര്യ വിമാനയാത്ര നടത്തിയിരുന്നു. പൊതുഖനാവിൽ നിന്ന് നാലു ലക്ഷം ഡോളർ(2.61 കോടി രൂപ) ചെലവിട്ടായിരുന്നു വിമാനയാത്ര.
രാഷ്ട്രീയ വാർത്താ വെബ്സൈറ്റായ പൊളിറ്റിക്കോ നടത്തിയ അന്വേഷണത്തിൽ പ്രൈസ് വിമാനയാത്രകൾക്ക് വേണ്ടി 10 ലക്ഷം ഡോളർ(6.52 കോടി രൂപ) ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ വിമാനത്തിന്റെ വാടകയിനത്തിൽ ചെലവിട്ടതിനു പുറമെ സൈനിക വിമാനം ഉപയോഗിച്ചതിന്റെ ചെലവും കൂടി ഉൾപ്പെടുത്തിയാണ് കണക്കുകളെന്ന് പൊളിറ്റിക്കോ റിപ്പോർട്ടിൽ പറയുന്നു.