ലക്നൗ: ഉത്തര്‍പ്രദേശിന്റെ ഭരണം തന്റെ കൈയിലായിരുന്നെങ്കില്‍ പീഡനക്കേസിലെ പ്രതികളെ ക്രൂരമായി കൈകാര്യം ചെയ്യുമായിരുന്നെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗക്കേസില്‍ സര്‍ക്കാര്‍ നടപടി പരാജയമാണെന്ന് പറഞ്ഞാണ് ഉമാ ഭാരതിയുടെ പരാമര്‍ശം.

താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇത്തരക്കാരെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ഉമാ ഭാരതി വെളിപ്പെടുത്തി. ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തല്‍.

പ്രതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് മാനഭംഗത്തിന് ഇരയായ യുവതിയെ കാണിച്ചിട്ടുണ്ട്. ഇരയ്ക്ക് സമാധാനം കിട്ടാനാണ് അത്തരത്തില്‍ ചെയ്തത്. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരല്ലെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.

ലൈംഗിക പീഡനക്കേസിലെ പ്രതികളെ ഇരകള്‍ക്ക് മുന്നില്‍ തലകീഴായി കെട്ടിത്തൂക്കി തൊലിയുരിയുന്നതുവരെ അടിക്കണം. അവരുടെ മുറിവുകളില്‍ ഉപ്പും മുളകും തേക്കണമെന്നും ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ വിവാദ പ്രസ്താവനയോട് ബിജെപി പ്രതികരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook