ന്യൂഡൽഹി: യുഎഇയിലെ ദുബായിൽ ആസ്തിയുളള 7500 ഇന്ത്യാക്കാർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ആളുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നിക്ഷേപമോ, ആസ്തിയോ സംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന്  നൽകിയിട്ടുണ്ടോയെന്ന കാര്യവും  പരിശോധിക്കുന്നുണ്ട്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുളള  കാലത്ത് 1387 ഇന്ത്യാക്കാർ 6000 കോടി രൂപയോളം ദുബായിൽ വിവിധ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളിലായി നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. 1550 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

2017 ൽ മാത്രം ഇതിന്റെ അഞ്ചിരട്ടി തുക ഇന്ത്യക്കാർ ദുബായിൽ നിക്ഷേപിച്ചതായും കണ്ടെത്തി.  2013 നും 2017 നും ഇടയിൽ 83.65 ബില്യൺ ദിർഹം നിക്ഷേപമാണ് നടത്തിയത്. ഏതാണ്ട് 1.67 ലക്ഷം കോടി രൂപ വരുമിത്.

ദുബായിൽ വസ്തുക്കളുടെ ഉടമസ്ഥാവകാശം നേടുന്നത് ഇന്ത്യൻ നിയമപ്രകാരം അനുവദനീയമാണ്. ഒരു വർഷം ഒരു ഇന്ത്യക്കാരന് 2.50 ലക്ഷം ഡോളർ വരെ വിദേശത്ത് നിക്ഷേപം നടത്താം. എന്നാൽ 2015 ലെ കളളപ്പണ നിരോധന നിയമപ്രകാരം വിദേശത്തെ സ്വത്തുക്കൾ വെളിപ്പെടുത്തിയില്ലെങ്കിൽ പിഴയും ശിക്ഷയും ലഭിക്കും.

വിദേശത്ത് സ്വത്തുക്കളുളള 29 ഇന്ത്യക്കാർക്ക് എതിരെ അന്വേഷണം നടക്കുന്നതായി  ജൂണിൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 40 ഓളം രാജ്യാന്തര സംഘടനകൾക്ക് ഒപ്പം ചേർന്ന് ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ്ങിലൂടെയാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

ദുബായിലെ 20 റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളിലായാണ് ഇവർ നിക്ഷേപം നടത്തിയിരുന്നത്. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ 181 രാജ്യങ്ങളിൽ നിന്നുളള 1,29,000 പേരിൽ 5800 പ്രൊക്ടുകളിൽ ഇന്ത്യക്കാർ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.  ദി പാം ജുമൈറ, ദി വേൾഡ്, മോട്ടോർ സിറ്റി, എമിറേറ്റ്സ് ലിവിങ്, ദുബൈ മറീന, ഓൾഡ് ടൗൺ ഐലന്റ് തുടങ്ങിയ പദ്ധതികളിലാണ് പ്രധാനമായും ഇന്ത്യക്കാർ നികുതിവകുപ്പിനെ അറിയിക്കാതെ നിക്ഷേപം നടത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook